ന്യൂയോര്‍ക്ക്, ശനി, 24 ഒക്ടോബര്‍ 2009( 17:02 IST )
പോസ്റ്റല്‍ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ഫോണുകളിലും ലഭ്യമാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വീസാണ് മൊബൈല്‍ ലോകത്തെ കീഴടക്കുന്ന പോസ്റ്റല്‍ സേവനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ വെബ്സൈറ്റ് തന്നെ തുടങ്ങി കഴിഞ്ഞു. എം ഡൊട്ട് യുഎസ്‌പിഎസ് ഡോട്ട് കോം എന്ന വെബ്സൈറ്റ് പോസ്റ്റല്‍ സേവന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
സാധാരണ പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന മിക്ക സേവനങ്ങളും ഈ സൈറ്റ് വഴി സാധ്യമാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. അമേരിക്കയില്‍ നിരവധി മൊബൈല്‍ ഉപയോക്താക്കള്‍ പുതിയ സേവനം ഉപയോഗിച്ചു തുടങ്ങി. ട്രാക്ക് ആന്‍ഡ് കണ്‍ഫേം, പോസ്റ്റ് ഓഫീസ് ലോക്കേറ്റര്‍, സിപ് കോഡ് അന്വേഷണം എന്നിവയെല്ലാം ഈ മൊബൈല്‍ പോസ്റ്റല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
തങ്ങളുടെ പുതിയ മൊബൈല്‍ പോസ്റ്റല്‍ സേവനം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോചനകരമാകുമെന്നാണ് കരുതുന്നതെന്ന് മെയിലിംഗ് ആന്‍ഡ് ഷിപ്പിംഗ് സര്‍വീസസ് വക്താവ് റോബര്‍ട്ട് ബേര്‍ണ്‍ സ്റ്റോക്ക് പറഞ്ഞു. മൊബൈല്‍ വെബ്സൈറ്റിലെ പോസ്റ്റ് ഓഫീസ് ലൊക്കേഷന്‍ സേവനം ഉപയോഗിച്ച് എവിടെ നിന്നും പെട്ടെന്ന് സ്ഥലം കണ്ടെത്താനാകും. പോസ്റ്റ് കിട്ടിയതും വാങ്ങിയതുമായ വിവരങ്ങളും മൊബൈല്‍ വഴി ലഭ്യമാക്കാനാകും.
പോസ്റ്റല്‍ സേവനം നല്‍കുന്നതിനായി വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാനും യു എസ് പി എസിന് പദ്ധതിയുണ്ട്.