സ്ഥിരമായി മണിക്കൂറുകളോളം വീഡിയോ ഗെയിം കളിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍, മുംബൈയിലെ ഒരു യുവാവ് മണിക്കൂറുകളോളം വീഡിയോ ഗെയിം കളിച്ച് ലോക റെക്കോര്‍ഡിട്ടു. പ്ലേസ്റ്റേഷന്‍ വീഡിയോ ഗെയിം ഉപയോഗിച്ച് ഇദ്ദേഹം തുടര്‍ച്ചയായി 40 മണിക്കൂര്‍ ഇരുപത് മിനുറ്റ് കളിച്ചതോടെയാണ് ലോകറെക്കോര്‍ഡില്‍ ഇടം നേടിയത്.
ചിരന്ദന്‍ പട്‌നായികാണ് വീഡിയോ ഗെയിമിലെ പുതിയ ലോകറെക്കോര്‍ഡിട്ടത്. ഇതുവരെ അമേരിക്കക്കാരെന്‍റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ‘ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ നാല്’ എന്ന വീഡിയോ ഗെയിം തുടര്‍ച്ചയായി 28 മണിക്കൂര്‍ ഒരു മിനുറ്റ് കളിച്ചാണ് അമേരിക്കക്കാരന്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിട്ടത്.
ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ നാല് എന്ന ഗെയിം കളിച്ചാണ് പട്നായികും റെക്കോര്‍ഡിട്ടിരിക്കുന്നത്. സെപ്റ്റംപര്‍ നാലിന് രാവിലെ പത്തു മണിക്ക് തുടങ്ങിയ കളി ആറിന് രാത്രി രണ്ട് മണിക്കാണ് അവസാനിച്ചതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് വക്താവ് കരോലിന തെഹ്‌ലിന്‍ പറഞ്ഞു. സപാക് ഡോട്ട് കോം ഗെയിമിംഗ് പോര്‍ട്ടലിന്‍റെ സഹായത്തോടെയാണ് പട്നായിക് കളിച്ചത്.
ഇന്ത്യയിലെ വീഡിയോ കളിക്കാരെല്ലാം മികച്ചവരാണ്. പട്നായികിന്‍റെ വിജയം ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായ മേഖലയ്ക്ക് ലഭിച്ച അഭിമാനമാണെന്ന് കൂ സപാക് ഡിജിറ്റല്‍ എന്‍റര്‍ടൈറ്റ്മെന്‍റ് വക്താവ് രോഹിത് ശര്‍മ പറഞ്ഞു. വേള്‍ഡ് റെക്കോര്‍ഡിനുള്ള മത്സരം നടക്കുമ്പോള്‍ അദ്ദേഹവും പ്രത്യേക നിരീക്ഷകനായിരുന്നു.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ തുടങ്ങിയതെന്നും ഇന്ന് വീഡിയോ ഗെയിം തന്‍റെ ഹോബിയാണെന്നും ഇരുപത്തിയാറുകാരനായ പട്നായിക് പറഞ്ഞു.