ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ സാങ്കേതിക വിദ്യയില്‍ കുതിക്കുകയാണ്. ദിവസവും പുതിയ സേവനങ്ങളുമായാണ് ട്വിറ്റര്‍ എത്തുന്നത്. ഏറ്റവും അവസാനമായി ജാപ്പനീസ് മൊബൈള്‍ക്കായി സൈറ്റ് തുടങ്ങി കഴിഞ്ഞു. മൊബൈല്‍ സൈറ്റുകള്‍ കൂടുതല്‍ ഭാഷകളില്‍ ഉടന്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ജാപ്പനീസ് ഭാഷയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത സൈറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. പ്രാദേശിക ഭാഷകളില്‍ ശ്രദ്ധചെലുത്തുന്ന മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, മൈസ്പേസ് എന്നിവയുടെ പാത പിന്തുടരുകയാണ് ട്വിറ്ററും. ട്വിറ്ററിന്‍റെ മുഖ്യ സൈറ്റ് നേരത്തെ തന്നെ ജാപ്പനീസ് ഭാഷയില്‍ തുടങ്ങിയിരുന്നു. നിലവില്‍ ഇംഗ്ലീഷിനു പുറമെ ജാപ്പനീസ് ഭാഷയില്‍ മാത്രമാണ് ട്വിറ്റര്‍ ലഭ്യമായിരിക്കുന്നത്.
ട്വിറ്റര്‍ ടോക്കിയോ കേന്ദ്രമായി 2008ല്‍ തന്നെ നിരവധി പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. ഏഷ്യയില്‍ ട്വിറ്ററിന്‍റെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ജപ്പാനിലെ പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്പാനിസ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലെ ട്വിറ്റര്‍ പതിപ്പ് ഉടന്‍ തന്നെ പുറത്തിറങ്ങും.