കാന്‍ബെറ, വെള്ളി, 16 ഒക്ടോബര്‍ 2009( 12:39 IST )
ജനപ്രിയ സോഷ്യല്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഉപയോഗം ഓസ്ട്രേലിയയിലെ സര്‍വകലാശാലയില്‍ നിര്‍ബന്ധവിഷയമാണ്. ഇവിടത്തെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കാണ് ട്വീറ്റിംഗ് പഠനത്തിന്‍റെ ഭാഗമായി ചേര്‍ത്തിരിക്കുന്നത്. ഇതോടെ ട്വിറ്റര്‍ അക്കാദമിക് മേഖലയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കയാണ്.
ചില വിദ്യാര്‍ഥികളിടെ ട്വീറ്റ്സ് വലിയ ആഴത്തിലുള്ള വിവരങ്ങളായിരിക്കില്ല. എന്നാല്‍, ഒരു ലേഖനത്തിനേക്കാളും ജനങ്ങളെ വായിപ്പിക്കാനും ബോധവത്കരിപ്പിക്കാനും ഇത്തരം ട്വീറ്റ്സുകള്‍ക്ക് സാധിക്കുമെന്ന് ഗ്രിഫിത്ത് സര്‍വകലാശാലയിലെ ലക്‍ച്വറര്‍ ജാക്വി എവാര്‍ട്ട് അഭിപ്രായപ്പെട്ടു.
കേവലം 140 അക്ഷരങ്ങള്‍ കൊണ്ട് സന്ദേശം കൈമാറാന്‍ സാധിക്കുന്ന മൈക്രോബ്ലോഗായ ട്വിറ്റര്‍ ഇന്ന് നെറ്റ്ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ്. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് ട്വിറ്ററിനെ പിന്തുടരാന്‍ തുടങ്ങിയത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ സ്ഥാനം നിര്‍വഹിച്ച ട്വിറ്റര്‍ ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെയാണ് പ്രസിദ്ധമായത്. ഇറാനിലെ വാര്‍ത്താ വിനിമയ മാധ്യമങ്ങളെല്ലാം വിലക്കിയപ്പോഴും ട്വിറ്ററിലൂടെയാണ് എല്ലാം അറിഞ്ഞിരുന്നത്.
ലോകത്തിലെ ഒട്ടു മിക്ക രാഷ്ട്രീയക്കാരും മന്ത്രിമാരും ട്വിറ്റര്‍ ഉപയോഗിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ മുതല്‍ ഇന്ത്യന്‍ വിദേശാകാര്യ സഹമന്ത്രി ശശി തരൂര്‍ വരെ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്. ഹോളിവുഡ്, ബോളിവുഡ് മേഖലയിലെ ഒട്ടുമിക്ക പ്രമുഖരും ട്വിറ്ററില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.