ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ ഓസ്ച്വിറ്റ്സ് പുതിയ സൈറ്റ് തുടങ്ങി. പോളിസ് അധികൃതരാണ് ഓസ്ച്വിറ്റ്സിനായി ഫേസ്ബുക്കില്‍ ഔദ്യോഗിക സൈറ്റ് തുടങ്ങിയത്. ലോക മഹായുദ്ധകാലത്തെ നാസി ജര്‍മന്‍ ഡെത്ത് ക്യാംപിലെ ചരിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ വേണ്ടിയാണ് പുതിയ സൈറ്റിന് തുടക്കമിട്ടിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഹോളോകോസ്റ്റിനെ കുറിച്ച് യുവതലമുറയെ പഠിപ്പിക്കാനും അവരിലേക്ക് വിവരങ്ങള്‍ കൈമാറാനുമാണ് പുതിയ സൈറ്റ് കൊണ്ട് ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടാം ലോകമഹാ യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്.
ഓസ്ച്വിറ്റ്സ് മ്യൂസിയത്തിന്‍റെ ഭാഗമായാണ് ഫേസ്ബുക്ക് സൈറ്റും തുടങ്ങിയിരിക്കുനത്. ഓസ്ച്വിറ്റ്സ് വിവരങ്ങള്‍ക്കായി വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ പ്രത്യേക ചാനല്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇവിടെ കൊല്ലെപ്പെട്ടാണ് ചരിത്രം പറയുന്നത്. ഇവരില്‍ 90 ശതമാനവും ജൂതന്‍മാരായിരുന്നു.
വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ തങ്ങള്‍ എപ്പോഴും പുതിയ വഴിയാണ് ഉപയോഗിക്കുന്നത്. ആധുനിക ലോകത്ത് ഇന്‍റര്‍നെറ്റാണ് ഈ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത്. നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കാണെന്നും ഓസ്ച്വിറ്റ്സ് മ്യൂസിയം വക്താവ് പവല്‍ സാവിക്കി പറഞ്ഞു.
വര്‍ഷവും ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഓസ്ച്വിറ്റ്സ് സന്ദര്‍ശിച്ച് മടങ്ങുന്നു. സന്ദര്‍ശിക്കാനെത്തുന്നവര്‍ അധികവും യുവാക്കളാണ്. ഓസ്ച്വിറ്റ് മ്യൂസിയത്തെ കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളുമാണ് ഫേസ്ബുക്ക് പേജില്‍ നല്‍കുന്നത്. യൂട്യൂബ് ചാനല്‍, ഔദ്യേഗിക വെബ്സൈറ്റ് എന്നിവയില്‍ നിന്ന് ലിങ്കും നല്‍കും.