ന്യൂഡല്‍ഹി, ബുധന്‍, 14 ഒക്ടോബര്‍ 2009( 16:47 IST )
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് മുന്നേറ്റത്തില്‍ ഒര്‍ക്കുട്ട് പിന്നോട്ട്. ആഗോളതലത്തില്‍ ഫേസ്ബുക്ക് വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒര്‍ക്കുട്ട് ഉപയോഗിക്കുന്ന 14.4 ദശലക്ഷം പേരില്‍ 34 ശതമാനവും ഇപ്പോള്‍ ഫേസ്ബുക്കാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ 47 ദശലക്ഷത്തോളം പേരാണ് ഓണ്‍ലൈന്‍ ഉപയോഗിക്കുന്നത്. ഇവരില്‍ പകുതിയും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളെ പിന്തുടരുന്നവരാണ്. ഈ മേഖലയില്‍ രാജ്യത്ത് ഒര്‍ക്കുട്ടും ഫേസ്ബുക്കും കടുത്ത മത്സരത്തിലാണ്.
നിലവില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് മേഖലയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒര്‍ക്കുട്ടാണ്. രണ്ടാം സ്ഥാനത്തുള്ള ഫേസ്ബുക്ക് വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്‍റര്‍നെറ്റ് ഗവേഷണ ഗ്രൂപ്പായ വിസി സെന്‍സാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍, ഇന്ത്യയില്‍ ഒര്‍ക്കുട്ട് ശക്തമായ ഭീഷണിയാണ് ഫേസ്ബുക്കില്‍ നിന്ന് നേരിട്ടുക്കൊണ്ടിരിക്കുന്നതെന്ന് വെബ്ചുട്നി സ്റ്റുഡിയോ വക്താവ് സിദ്ധാര്‍ത്ത് റാവു പറഞ്ഞു. മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളെ അപേക്ഷിച്ച് ഫേസ്ബുക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വിസിസെന്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജൂണില്‍ രാജ്യത്തെ ഒര്‍ക്കുട്ട് അംഗങ്ങളുടെ എണ്ണം 16.95 ദശലക്ഷം ആയിരുന്നെങ്കില്‍ ഓഗസ്റ്റില്‍ ഇത് 14.7 ദശലക്ഷമായി കുറഞ്ഞു. എന്നാല്‍, ഫേസ്ബുക്കിന്‍റെ അംഗങ്ങളുടെ എണ്ണം 6.92 ദശലക്ഷത്തില്‍ നിന്ന് 7.92 ദശലക്ഷമായി ഉയര്‍ന്നു.