കാലിഫോര്‍ണിയ, ശനി, 10 ഒക്ടോബര്‍ 2009( 13:33 IST )
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്‍റെ മലയാള പതിപ്പ് ഉടന്‍ തന്നെ എത്തുമെന്നാണ് കരുതുന്നത്. ജനപ്രിയ നെറ്റ് സേവനങ്ങളൊക്കെ മലയാള ഭാഷയില്‍ ലഭ്യമായതിനാല്‍ ട്വിറ്ററും ഈ പാത സ്വീകരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ജി-മെയില്‍, ഫേസ്ബുക്ക് തുടങ്ങി നിരവധി സേവനങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്.
നെറ്റ് ലോകത്ത് കുറഞ്ഞക്കാലം കൊണ്ട് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനായെങ്കിലും പ്രാദേശിക ഭാഷാസേവനം കൂടി ലഭ്യമാക്കുന്നതോടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നാണ് ട്വിറ്റര്‍ കരുതുന്നത്. നിലവില്‍ ഇംഗ്ലീഷ്, ജാപ്പനീസ് ഭാഷകള്‍ക്ക് പുറമെ ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലായാണ് കൂടുതലായി സേവനം വിപുലപ്പെടുത്തുന്നത്. ഇംഗ്ലീഷ് ഭാഷാ പതിപ്പ് വന്‍ ഹിറ്റായെങ്കിലും ജാപ്പനീസ് പതിപ്പ് വേണ്ടത്ര മുന്നേറ്റത്തിലെത്തിയിരുന്നില്ല.
പുതിയ ഭാഷാ സംവിധാനത്തിന്‍റെ സഹായത്തോടെ ഇംഗ്ലീഷില്‍ നിന്ന് മറ്റു ഭാഷകളിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യാന്‍ സാധിക്കും. ഒറിജിനല്‍ ടെക്സ്റ്റ്, ട്രാന്‍സ്‌ലേഷന്‍ ടെക്സ്റ്റ് എന്നീ രണ്ട് കോളങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ട്വിറ്റര്‍ സി ഇ ഒ ബിസ് സ്റ്റോണ്‍ പറഞ്ഞു. ഇതിലൂടെ ഭാഷ അറിയാത്തവര്‍ക്കും വിവിധ രാജ്യക്കാരുമായി സംവദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നാലു ഭാഷകളിലാണ് തുടങ്ങുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ ഭാഷകളില്‍ ട്വിറ്റര്‍ പ്ലാറ്റ്ഫോം ലഭ്യമാക്കുമെന്നും മേധാവി അറിയിച്ചു.