അഹമ്മദാബാദ്, തിങ്കള്‍, 5 ഒക്ടോബര്‍ 2009( 16:08 IST )
നവംബര്‍ പതിനാല് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നു. ഈ ദിനം ആഘോഷമാക്കാന്‍ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളും തയ്യറെടുത്തു കഴിഞ്ഞു. നവംബര്‍ പതിനാലിന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പൂമുഖത്തിലെ ലോഗോ രൂപകല്‍പ്പന ചെയ്യുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികളാണ്. ഇത് ആദ്യമായാണ് ഒരു ആഘോഷത്തിന് ഇന്ത്യന്‍ കുട്ടികള്‍ നിര്‍മ്മിച്ച ലോഗോ ഗൂഗിള്‍ ഉപയോഗിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഡിസൈനും സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ‘ഡൂഡില്‍ഫോര്‍ ഗൂഗിള്‍’ എന്ന പേരില്‍ നടത്തുന്ന മത്സരത്തില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. വെള്ള കടലാസില്‍ ചിത്രീകരിച്ച ലോഗോകള്‍ മാത്രമെ മത്സരത്തിന് സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അയച്ചു കിട്ടുന്നതില്‍ ആദ്യഘട്ടത്തില്‍ 450 എണ്ണം തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ അറുപതെണ്ണവും തെരഞ്ഞെടുക്കും. ഈ 60 ലോഗോകള്‍ ഗൂഗിള്‍ പേജില്‍ പൊതുജന അഭിപ്രായത്തിന് വയ്ക്കും. ഇതില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നായിരിക്കും ശിശുദിനത്തില്‍ ഗൂഗിള്‍ ഡൂഡിലായി ഉപയോഗിക്കുക.
വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ഇത്തരം മത്സരങ്ങള്‍ ഗൂഗിള്‍ നടത്താറുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള മത്സരത്തിന്‍റെ വിഷയം ‘എന്‍റെ ഇന്ത്യ’ എന്നാണ്. മത്സരം സംബന്ധിച്ചുള്ള വിവരങ്ങള്‍ രാജ്യത്തെ പതിനായിരക്കണക്കിന് സ്കൂളുകളില്‍ ഗൂഗിള്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് പദ്ധതി വിവരം ഗൂഗിള്‍ ഇന്ത്യ മേധാവി അരവിന്ദ് ദെസികന്‍ അറിയിച്ചത്.