ബോസ്റ്റണ്‍, ബുധന്‍, 16 സെപ്റ്റംബര്‍ 2009( 16:14 IST )
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കളായ ഒറാക്കിള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലെ പങ്കാളിയായിരുന്ന എച്ച് പിയെ വഴിപിരിയാന്‍ തീരുമാനിച്ചു. സണ്‍ മൈക്രോസിസ്റ്റംസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഒറാക്കിള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നേരത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയില്‍ സണ്‍ മൈക്രോസിസ്റ്റത്തിന്‍റെ പ്രധാന എതിരാളികളായിരുന്നു എച്ച് പി.
സര്‍വര്‍ നിര്‍മ്മാണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്ന സണ്‍ മൈക്രോസിസ്റ്റംസിനെ കൂട്ടുപിടിച്ച് പ്രത്യേകതരം ഡാറ്റാബേസ് കമ്പ്യൂട്ടര്‍ പുറത്തിറക്കാനാണ് ഒറാക്കിള്‍ ലക്‍ഷ്യമിടുന്നത്. എച്ച് പിയുമായി ചേര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് ഒറാക്കിള്‍ ആദ്യ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്.
ഒറാക്കിളും സണ്‍ മൈക്രോസിസ്റ്റംസും ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ ഡാറ്റാബേസ് കമ്പ്യൂട്ടര്‍ ചൊവ്വാഴ്ച പുറത്തിറങ്ങി. പ്രത്യേകതരം കമ്പ്യൂട്ടറുകള്‍ വിപണിയില്‍ ഇറക്കാന്‍ ലക്‍ഷ്യമിട്ടാണ് സണ്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് നേരത്തെ ഒറാക്കിള്‍ വ്യക്തമാക്കിയിരുന്നു. എക്സാഡാറ്റ എന്ന കമ്പ്യൂട്ടര്‍ മാത്രമാണ് ഇപ്പോള്‍ ഒറാക്കില്‍ വില്‍ക്കുന്നത്. അതേസമയം, സണ്‍ ഡാറ്റാബേസ് കമ്പ്യൂട്ടര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഒറാക്കിള്‍ തയ്യാറായിട്ടില്ല.
സണ്‍ മൈക്രോസിസ്റ്റംസ് ഒറാക്കിളിന്‍റെ ഭാഗമാകുന്നതോടെ സെര്‍വര്‍ വിപണിയിലെ പ്രമുഖ കമ്പനികളായ ഐ ബി എമ്മിനും എച്ച് പിക്കും വന്‍ ഭീഷണിയാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 1982ല്‍ പ്രവര്‍ത്തനം തുടങ്ങിയ സണ്‍ മൈക്രോസിസ്റ്റംസ് അമേരിക്കയിലെ സിലിക്കന്‍ വാലിയിലെ സാന്‍റ ക്ലാര എന്ന സ്ഥലം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 2009 ഏപ്രില്‍ 20നാണ് സണ്‍മൈക്രോസിസ്റ്റംസ് കമ്പനിയെ ഏറ്റെടുക്കാനായി ഒറാക്കിള്‍ മുന്നോട്ടു വന്നത്.