കാലിഫോര്‍ണിയ, ശനി, 12 സെപ്റ്റംബര്‍ 2009( 16:27 IST )
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്‍റെ പ്രവര്‍ത്തനങ്ങളും സേവന വ്യവസ്ഥകളും പരിഷ്കരിക്കുന്നു. ഓണ്‍ലൈന്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പരസ്യങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
ഇതിനു പുറമെ ട്വിറ്ററില്‍ പ്രസിദ്ധീകരിക്കുന്ന ട്വീറ്റ്സിന്‍റെ പൂര്‍ണ അവകാശം അതാത് പേജുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ചില ഡാറ്റാ കേന്ദ്രങ്ങള്‍ ട്വിറ്ററിലെ വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിതെന്ന് ട്വിറ്റര്‍ നിര്‍മ്മാതാവ് ബിസ് സ്റ്റോണ്‍ അറിയിച്ചു.
സെപ്റ്റംബര്‍ പത്തിനാണ് ട്വിറ്ററിന്‍റെ സേവന നിബന്ധനങ്ങള്‍ പുതുക്കി പുറത്തിറക്കിയത്. നേരത്തെ പരസ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതിരുന്ന ട്വിറ്റര്‍ ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. കേവലം 140 അക്ഷരങ്ങളില്‍ ഉപയോക്താവിന്‍റെ സന്ദേശം പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന ട്വിറ്ററില്‍ ജൂലൈയിലെ കണക്കുകള്‍ പ്രകാരം 50 ദശലക്ഷം സ്ഥിരം സന്ദര്‍ശകരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിപണിയില്‍ പ്രമുഖ കമ്പനികളൊക്കെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കാനായി ട്വിറ്ററിനെ സമീപിച്ചു കഴിഞ്ഞു. ഇത്തരം വരുമാനമാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നത്. പരസ്യ മേഖലയ്ക്കായി ട്വിറ്ററിന്‍റെ വാതില്‍ തുറന്നിടുകയാണെന്നാണ് കമ്പനി മേധാവി പറഞ്ഞത്.