കാലിഫോര്‍ണിയ, ശനി, 12 സെപ്റ്റംബര്‍ 2009( 16:12 IST )
നെറ്റ് കണക്‍ഷന്‍ വേഗത കുറഞ്ഞവരെ സഹായിക്കാനായി ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് പുതിയ പതിപ്പ് പുറത്തിറക്കുന്നു. 'ലൈറ്റ് സൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന വെബ് പേജ് വേഗത കുറഞ്ഞ നെറ്റ്കണക്‍ഷണുകളിലും പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. അതേസമയം, പ്രധാന സൈറ്റിലെ ചുരുങ്ങിയ സേവനങ്ങള്‍ മാത്രമെ ലൈറ്റ് സൈറ്റില്‍ ലഭിക്കൂ.
വികസിത, വികസ്വര രാജ്യങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുന്നുണ്ടെങ്കിലും മിക്ക അവികസിത രാജ്യങ്ങളിലും വേഗത കുറഞ്ഞ കണക്‍ഷണുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പുതിയ ലൈറ്റ് സൈറ്റ് ആദ്യഘട്ടത്തില്‍ അമേരിക്കയിലും ഇന്ത്യയിലും മാത്രമാണ് ലഭിക്കുക. ഫേസ്ബുക്കിലെ 250 ദശലക്ഷം ഉപയോക്താക്കളില്‍ 70 ശതമാനവും അമേരിക്കയ്ക്ക് പുറത്തു നിന്നുള്ളവരാണ്. സൌത്ത് ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഫേസ്ബുക്കിന്‍റെ വളര്‍ച്ച ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് ലൈറ്റ് ഉപയോഗത്തില്‍ പരിമിതികളും ഏറെയാണ്. ടെക്സ്റ്റ്, ഫോട്ടോസ്, വീഡിയോ എന്നിവ പോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ പ്രൊഫൈലുകള്‍ തിരഞ്ഞു പിടിക്കാനുമൊക്ക നിയന്ത്രണങ്ങളുണ്ടാകും. ഫേസ്ബുക്ക് ലൈറ്റില്‍ ആപ്ലിക്കേഷനുകളോ സ്പെഷ്യല്‍ ബൊക്സുകളോ ഇല്ലെന്നതും ശ്രദ്ധേയമാണ്. പുതിയ ഫേസ്ബുക്ക് ലൈറ്റ് സൈറ്റ് ട്വിറ്റര്‍ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.