ബാംഗ്ലൂര്‍, വെള്ളി, 11 സെപ്റ്റംബര്‍ 2009( 19:24 IST )
PRO
PRO
ബ്ലോഗിംഗിന്റെ ചെറിയ രൂപമായ ട്വീറ്റിംഗിന് പ്രചാരമേറിവരികയാണ്. ബ്ലോഗര്‍മാരെപ്പോലെ തന്നെ ട്വീറ്റ് ചെയ്യുന്നവരും കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കൂട്ടായ്മകള്‍ക്ക് ഒരു പേരുമുണ്ട് - ട്വീസ്റ്റിവല്‍ (ട്വീറ്റ് + ഫെസ്റ്റിവല്‍ = ട്വീസ്റ്റിവല്‍). സെപ്തംബര്‍ പത്ത് മുതല്‍ പതിമൂന്ന് വരെയുള്ള തീയതികള്‍ ലോകത്തെമ്പാടും ട്വീറ്റുത്സവമായി ആഘോഷിക്കുകയാണ്.
‘ട്വീറ്റുചെയ്യുക, കൂട്ടായ്മയുണ്ടാക്കുക, സഹായിക്കുക’ എന്നാണ് ട്വീറ്റര്‍മാരുടെ മുദ്രാവാക്യം. സാമൂഹികപ്രതിബദ്ധതയാണ് ഓരോ ട്വീറ്റുത്സവത്തിന്റെയും അടിസ്ഥാനം. ലോകത്തില്‍ മൊത്തം ഇരുന്നൂറ് നഗരങ്ങളിലാണ് ഇത്തരത്തിലുള്ള ട്വീറ്റുത്സവങ്ങള്‍ നടക്കുക. ഇന്ത്യയില്‍ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ട്വീറ്റുത്സവങ്ങള്‍ നടക്കുന്നത്. ബാംഗ്ലൂരില്‍ ഇന്ദിരാനഗറിലുള്ള കാട്ടിമാ സെന്ററിലെ കൈറ തീയേറ്ററിലാണ് ട്വീറ്റുത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് ട്വീറ്റുത്സവങ്ങള്‍ സംഘടിപ്പിക്കാറ്. ആഗോളതലത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിക്കാനായി ഫെബ്രുവരിയിലും അതാതിടങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സെപ്തംബറിലും. ദരിദ്രരായ കുട്ടികള്‍ക്ക് സഹായമെത്തിക്കുന്ന ‘ഡ്രീം എ ഡ്രീം’ എന്ന സ്ഥാപനത്തിനാണ് ബാംഗ്ലൂര്‍ ട്വീറ്റുത്സവത്തില്‍ നിന്ന് സമാഹരിക്കുന്ന പണം നല്‍കുക.
ട്വീറ്റുത്സവത്തില്‍ ‘സ്വരാത്മ’ എന്ന റോക്ക് ബാന്‍ഡിന്റെ സംഗീതപരിപാടി ഉണ്ടായിരിക്കും. ടിക്കറ്റ് വെച്ച് നടത്തുന്ന ഈ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന പൈസ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്ന് ട്വീറ്റുത്സവത്തിന്റെ സംഘാടകനായ ഹൃഷ് തോട്ട പറയുന്നു.
നകുല്‍ ഷേണായിയുടെ ‘ബിയോണ്ട് മാജിക്’ എന്ന സൈക്കിക് വിനോദ പരിപാടി, പാപാ സിജെയും അരോണ്‍ കേദാറും അവതരിപ്പിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡി ഷോ, ക്വിസ് മത്സരം എന്നിവയും ട്വീറ്റുത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലണ്ടനിലാണ് ആദ്യമായി ട്വീറ്റുത്സവം സംഘടിപ്പിക്കപ്പെട്ടത്. അധികം പേരെയൊന്നും പ്രതീക്ഷിക്കാതെ സംഘടിപ്പിക്കപ്പെട്ട ട്വീറ്റുത്സവത്തില്‍ ഇരുന്നൂറ്റിയമ്പത് ട്വീറ്റര്‍മാര്‍ പങ്കെടുത്തതോടെ വര്‍ഷാവര്‍ഷം ട്വീറ്റുത്സവങ്ങള്‍ സംഘടിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ട്വീറ്റുത്സവം പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്‌ഷ്യത്തോടെയായിരുന്നു.
ബാംഗ്ലൂരിലടക്കം നടന്ന ഈ ട്വീറ്റുത്സവങ്ങളില്‍ നിന്ന് രണ്ടരലക്ഷം യുഎസ് ഡോളര്‍ സഹാഹരിക്കാനായി. ഇന്ത്യ (ഒറീസ), ഉഗാണ്ട, എത്യോപ്യ എന്നിവിടങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം എത്തിക്കാനായി ഈ പണം ചെലവഴിക്കപ്പെട്ടു.