സ്റ്റീവ് ജോബ്സിന്‍റെ പ്രസ്താവന; ട്വിറ്റര്‍ പ്രവര്‍ത്തനം നിലച്ചു
ബാംഗ്ലൂര്‍, വെള്ളി, 11 സെപ്റ്റംബര്‍ 2009( 16:26 IST )
ആപ്പിളിന്‍റെ ഐട്യൂണ്‍സ് സോഫ്റ്റ്വയര്‍ ട്വിറ്ററുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്വിറ്റര്‍ പ്രവര്‍ത്തനം നിലച്ചു. ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്‍റെ പ്രസ്താവന വന്നതോടെ ട്വിറ്ററിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതായിരുന്നു. ആപ്പിള്‍, ജോബ്സ് എന്നീ വാക്കുകള്‍ കൊണ്ട് നിറഞ്ഞ ട്വിറ്ററിന് പലപ്പോഴും പണിമുടക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ മേധാവിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇത് മൂന്നാം തവണയാണ് ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റ് പണിമുടക്കുന്നത്.
2008 ജനുവരിയില്‍ സ്റ്റീവ് ജോബ്സ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ട്വിറ്റര്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. എന്നാല്‍, ആപ്പിള്‍ മേധാവിയായ സ്റ്റീവ് ജോബ്സിന് ട്വിറ്ററില്‍ അംഗത്വമില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, ആപ്പിള്‍ പുറത്തിറക്കുന്ന വാര്‍ത്തകള്‍ക്കും പ്രസ്താവനകള്‍ക്കും ട്വിറ്ററില്‍ വന്‍ പ്രചാരമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആപ്പിള്‍ പുറത്തിറക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും വന്‍ പ്രചാരം ലഭിക്കുന്നതും ട്വിറ്റര്‍ വഴിയാണ്.
ആപ്പിള്‍, ഐഫോണ്‍ ബന്ധപ്പെടുത്തി നിരവധി പേജുകള്‍ തന്നെ ട്വിറ്ററിലുണ്ട്. ജോബ്സിന്‍റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ട്വിറ്ററില്‍ പ്രവേശിച്ചവര്‍ക്ക് ലഭിച്ചത് ബ്ലാങ്ക് പേജാണ്. ‘എച്ച് ടി ടി പി സെര്‍വര്‍ എറൊര്‍503’ എന്നാണ് മിക്ക പേജുകളിലും ദൃശ്യമായത്. പ്രവര്‍ത്തനം പതിനഞ്ച് മിനുറ്റിനകം പൂര്‍വസ്ഥിതിയിലാകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും നിരവധി തവണ പ്രശ്നം തുടര്‍ന്നു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ പോയ സ്റ്റീവ് ജോബ്സ് മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി നടത്തിയ ആദ്യ ചടങ്ങിലാണ് ട്വിറ്ററിനെ ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയത്.