സാന്‍ഫ്രാന്‍സിസ്കോ, വെള്ളി, 11 സെപ്റ്റംബര്‍ 2009( 16:13 IST )
സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ മോട്ടറോളയുടെ ആദ്യ ആന്‍ഡ്രോയിഡ് സെറ്റ് പുറത്തിറക്കി. മൊബൈല്‍ ഫോണ്‍ വിപണി സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയതെന്ന് മോട്ടറോള അധികൃതര്‍ വ്യക്തമാക്കി.
ഗൂഗിളിന്‍റെ സ്വതന്ത്ര മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്‍റെ പ്രചാരം വര്‍ധിച്ചതോടെയാണ് മോട്ടറോളയും പുതിയ ഒഎസ് സ്വീകരിക്കാന്‍ തീരുമാനിച്ചത്. 'മോട്ടറോള ക്ലിക്ക്' എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് സെറ്റ് കഴിഞ്ഞ വ്യാഴാഴ്ച സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന മൊബൈല്‍ ഇന്‍റര്‍നെറ്റ് കോണ്‍ഫ്രന്‍സിലാണ് പുറത്തിറക്കിയത്. അതേസമയം, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സെറ്റുകള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ടച്ച് സ്ക്രീന്‍ സംവിധാനത്തോടെ പുറത്തിറക്കിയിട്ടുള്ള മോട്ടറോള ക്ലിക്കില്‍ സ്ലൈഡ് ഔട്ട് കീബോഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍, ഇ-മെയിലുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളും പുതിയ സെറ്റില്‍ ലഭ്യമാകും. അതേസമയം, പുതിയ സെറ്റിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നടപ്പു സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആഗോള ഹാന്‍ഡ് സെറ്റ് വിപണിയില്‍ മോട്ടറോളയുടെ ഓഹരികള്‍ 5.4 ശതമാനം താഴ്ന്നിരുന്നു. നേരത്തെ വിപണിയില്‍ ശക്തമായ മുന്നേറ്റം നടത്തിയിരുന്ന മോട്ടറോള സാംസങ് ഇലക്ട്രോണിക്സ്, എല്‍ ജി ഇലക്ട്രോണിക്സ് എന്നീ കമ്പനികളുടെ കടന്നുവരവോടെയാണ് തകര്‍ന്നത്.