വിക്കിപീഡിയയും ഐഫോണിലേക്ക്

സാന്‍ഫ്രാന്‍സിസ്കോ, വ്യാഴം, 20 ഓഗസ്റ്റ് 2009( 16:30 IST )
നെറ്റ്ലോകത്തെ ഏറ്റവും വലിയ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപീഡിയയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണിലെത്തുന്നു. ഐഫോണ്‍ ഉപയോക്താക്കളെ വിവരം തേടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ നെറ്റില്‍ ഡൌണ്‍ലോഡിംഗിന് ലഭ്യമായിട്ടുണ്ട്.
ലാഭേതര സ്ഥാപനമായ വിക്കിപീഡിയയുടെ ‘വിക്കിപീഡിയ മൊബൈല്‍’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍റെ സേവനം സൌജന്യമാണ്. ഐ ട്യൂണ്‍സ് ആപ്ലിക്കേഷന്‍ സ്റ്റോര്‍ വഴിയാണ് ആപ്ലിക്കേഷന്‍റെ വിതരണം നടക്കുന്നത്.
ആഗോള മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചത് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതെന്ന് വിക്കിപീഡിയ അധികൃതര്‍ വ്യക്തമാക്കി. സൌജന്യ അറിവ് ശേഖരങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് തങ്ങളുടെ ലക്‍ഷ്യമെന്നും വിക്കിപീഡിയ വക്താവ് ജെയ് വാല്‍സ് പറഞ്ഞു.
ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിതെന്നും ബ്രൌസിംഗ് വഴിയാണ് സേവനം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ആപ്ലിക്കേഷന്‍റെ സഹായത്തോടെ സെര്‍ച്ച് ഹിസ്റ്ററി സൂക്ഷിക്കാനും സംവിധാനമുണ്ട്. വിക്കിപീഡിയയുടെ രീതിയില്‍ നേരത്തെ തന്നെ നിരവധി എന്‍സൈക്ലോപീഡിയ ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.