സാന്‍ഫ്രാന്‍സിസ്കോ, ചൊവ്വ, 11 ഓഗസ്റ്റ് 2009( 16:47 IST )
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വീണ്ടും സൈബര്‍ ആക്രമണം. ട്വിറ്ററിന് പുറമെ ഫേസ്ബുക്ക്, ലൈവ്ജേര്‍ണല്‍ എന്നീ സൈറ്റുകളിലും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതലാണ് ഹാക്കാര്‍മാരുടെ ആക്രമണം ശക്തമായതെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം, സൈബര്‍ ആക്രമണം ശക്തമായതോടെ ട്വിറ്ററിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിനാല്‍ തന്നെ സൈബര്‍ ആക്രമണങ്ങള്‍ ട്വിറ്ററിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. തങ്ങളുടെ സിസ്റ്റങ്ങളും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമും മികച്ച സുരക്ഷയിലാണെന്ന് ട്വിറ്റര്‍ മേധാവി വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഫേസ്ബുക്കിലും സൈബര്‍ ആക്രമണം ശക്തമാണ്. എന്നാല്‍, ആക്രമണം മുമ്പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ രഹസ്യ വാക്കുകള്‍ മോഷ്ടിച്ചാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നത്. ലൈവ്ജേര്‍ണല്‍ സൈറ്റിനെയും സൈബര്‍ ആക്രമികള്‍ പിടികൂടിയിട്ടുണ്ട്. ഡി ഡി ഒ എസിന്‍റെ സഹായത്തോടെയാണ് ഫേസ്ബുക്കിലും ലൈവ് ജേര്‍ണലിലും ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നത്.
റഷ്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നത്. ജനപ്രിയമല്ലാത്ത സൈറ്റുകളില്‍ പോലും സ്പാം, വൈറസ് ആക്രമണങ്ങള്‍ നടത്തുന്നത് റഷ്യന്‍ ഐപികള്‍ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.