നെറ്റ്ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളൊന്നും സുരക്ഷിതമല്ലെന്ന് കാംബ്രിഡ്ജ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട്. പ്രമുഖ സൈറ്റുകളായ ഫേസ്ബുക്കും മൈസ്പേസും അംഗങ്ങളെ വര്‍ധിപ്പിക്കാനായി പുതിയ തന്ത്രങ്ങള്‍ മെനയുമ്പോള്‍ നിലവിലെ അംഗങ്ങളുടെ ഡാറ്റകളും വ്യക്തിപരമായ വിവരങ്ങളും സൂക്ഷിക്കാന്‍ മറന്നു പോകുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
നെറ്റ്ലോകത്തെ നാല്പത്തഞ്ചോളം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളെയാണ് സര്‍വേക്ക് തിരഞ്ഞെടുത്തത്. അംഗങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മൈസ്പേസ്, ഫേസ്ബുക്ക് സൈറ്റുകള്‍ വ്യക്തികളുടെ സ്വകാര്യത സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കയാണ്. ഏതൊരു ഹാക്കര്‍ക്കും പെട്ടെന്ന് വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ രണ്ട് സൈറ്റുകളുടെയും ഡാറ്റാബേസ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അടുത്ത കാലത്തായി ഇത്തരം നിരവധി പരാതികള്‍ പുറത്തു വന്നിട്ടുണ്ട്. വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കയാണ്. സര്‍വേയില്‍ പങ്കെടുത്ത മിക്ക സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും അംഗത്വമെടുക്കാന്‍ മുഴുവന്‍ പേരോ ജനനതീയതിയോ നല്‍കേണ്ടതില്ലെന്നും കണ്ടെത്തി. ഇതില്‍ 80 ശതമാനം സൈറ്റുകളും സ്വകാര്യ ഡാറ്റ സൂക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിരിക്കയാണ്. |