സംഗീത പ്രിയര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ സോണിയുടെ വാക്മാന്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ മ്യൂസിക് മേഖലയില്‍ വലിയ കണ്ടുപിടിത്തമാണെന്ന് ടിത്രീ മാഗസിന്‍ അഭിപ്രായപ്പെട്ടു. ഡോള്‍ബി ശബ്ദം, സിഡി, ഐപോഡ് എന്നിവയോട് പോരാടിയാണ് പോര്‍ട്ടബിള്‍ കാസറ്റില്‍ പ്രവര്‍ത്തിക്കുന്ന സോണി വാക്മാന്‍ വിപണിയില്‍ പിടിച്ചു നിന്നതെന്നും മാഗസിന്‍ പറയുന്നു.
ഈ ആഴ്ചയാണ് വാക്മാന്‍റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്. 1979 ജൂലൈ ഒന്നിന് ജപ്പാനിലാണ് സോണിയുടെ ആദ്യ വാക്മാന്‍ വില്‍പ്പന നടന്നത്. ബ്ലൂ, സില്‍വര്‍ മോഡലായ ടി പി എസ്-എല്‍2വിന് അന്ന് വന്‍ പ്രചാരമാണ് ലഭിച്ചത്. സോണി വാക്മാന്‍റെ കണ്ടുപിടുത്തം സംഗീത ലോകത്ത് വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ആഗോള വിപണിയില്‍ സോണി വാക്മാന് ശ്രദ്ധേയമായ മുന്നേറ്റം നടത്താനായി.
എം പി ത്രീ ഡിജിറ്റല്‍ മ്യൂസികാണ് ഈ രംഗത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ടി ത്രീ മാഗസില്‍ ലിസ്റ്റില്‍ ആപ്പിളിന്‍റെ ഐപോഡ് മ്യൂസിക് പ്ലേയറിന് മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ടി ത്രീ മാഗസിന്‍ നല്‍കിയ പട്ടിക ഇങ്ങനെയാണ്: 1 സോണി വാക്മാന്‍, 2. എം പി ത്രീ, 3. ആപ്പിള്‍ ഐപൊഡ്, 4. സിഡി, 5. നാപ്സ്റ്റര്‍, 6. ഡോള്‍ബി, 7. ഡാബ് റേഡിയോ, 8. ബൂം ബൊക്സ്, 9. സോണോസ് മള്‍ട്ടി-റൂം മ്യൂസിക് സിസ്റ്റം, 10 പനാസോണിക് ടെക്നിക്സ് ഡി ജെ ഡെക്. |