പ്രമുഖ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഇന്‍റര്‍നെറ്റ് ട്രാഫിക്കില്‍ കുതിക്കുകയാണ്. 2008നു ശേഷം ട്വിറ്റര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 22 മടങ്ങ് വര്‍ധിച്ചതായി ഇന്‍റര്‍നെറ്റ് മോണിറ്ററിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം എന്‍പത്തിനാലാം സ്ഥാനത്തായിരുന്ന ട്വിറ്റര്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അഞ്ചാം സ്ഥാനത്താണ്. ഹിറ്റ്വൈസ് കമ്പനിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഹിറ്റ്വൈസ് കണക്കുകള്‍ പ്രകാരം 2009ല്‍ 93 ശതമാനം വളര്‍ച്ചയാണ് ട്വിറ്ററിനുണ്ടായിരിക്കുന്നത്. മൊബൈല്‍ നെറ്റ് വഴിയാണ് ട്വിറ്റര്‍ കൂടുതലായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക വെബ്സൈറ്റുകളില്‍ 969 സ്ഥാനത്തായിരുന്ന ട്വിറ്റര്‍ നിലവില്‍ റാങ്കിംഗില്‍ മുപ്പത്തിയെട്ടാം സ്ഥാനത്താണ്. ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും മൈക്കല്‍ ജാക്സന്‍റെ മരണവും തുടര്‍ന്നുള്ള വിവാദങ്ങളും ട്വിറ്ററിന് വന്‍ ഹിറ്റാണ് നല്‍കിയത്.
ഹോളിവിഡ്, ബോളിവുഡ് മേഖലയിലെ പ്രമുഖ നടീ, നടന്‍മാര്‍ ട്വിറ്ററില്‍ അംഗത്ത്വമെടുത്തതും ട്വിറ്ററിനെ പ്രിയപ്പെട്ടതാക്കി. സിറ്റിസണ്‍ ജേര്‍ണലിസത്തിലാണ് ട്വിറ്റര്‍ മുന്നിട്ടു നില്‍ക്കുന്നത്. ലോകത്ത് എന്തു സംഭവിച്ചാലും അത്തരം വാര്‍ത്തകള്‍ ഉടന്‍ തന്നെ ട്വിറ്ററില്‍ എത്തുന്നുണ്ട്. |