വേഗതയേറിയ ബ്രോഡ്ബാന്‍ഡും മൊബൈല്‍ സേവനങ്ങളും വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളാണെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഫോര്‍ ഡെവലപ്മെന്‍റ് 2009 എന്ന റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇത് വെളിപ്പെടുത്തിയത്.
വികസ്വര രാജ്യങ്ങളില്‍ 2000 മുതല്‍ 2007 വരെയുള്ള കാലയളവില്‍ നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഇന്ന് നാലു ബില്യന്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുണ്ടെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് ലോകബാങ്ക് വക്താവ് മൊഹ്സന്‍ ഖലീല്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാങ്കേതിക വളര്‍ച്ച ഇവിടങ്ങളില്‍ മികച്ച സാധ്യതകളാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമങ്ങളില്‍ പോലും ശക്തിയാര്‍ജ്ജിച്ച മൊബൈല്‍ സേവനങ്ങളാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയായി മാറിയിരിക്കുന്നത്. സ്വകാര്യ, പൊതുമേഖലകളില്‍ മികച്ച സേവനങ്ങളുമായി മൊബൈല്‍ ടെലികോം സേവനദാതാക്കള്‍ മത്സരിക്കുകയാണെന്നും ഖലീല്‍ പറഞ്ഞു. തൊഴില്‍ മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് വേഗതയേറിയ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്.
|