ചൈനയിലെ നെറ്റ് കഫേകളിലെല്ലാം ചൊവ്വാഴ്ച വലിയ തിരക്കായിരുന്നു. ഇവിടങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് വിശ്രമമില്ലായിരുന്നു. എന്നാല്‍, ഇന്ന് എല്ലാം നിശബ്ദമായിരിക്കുന്നു. അതെ, ഇന്നാണ് ചൈനയില്‍ നെറ്റ്ഫില്‍ട്ടര്‍ നിയന്ത്രണം നിലവില്‍ വന്നത്. അതിനാല്‍ തന്നെ ചൈനയില്‍ നിയന്ത്രണമില്ലാത്ത നെറ്റ് ഉപയോഗിക്കാനുള്ള അവസാന അവസരമായിരുന്നു ജൂണ്‍ 30. നെറ്റ് ഫില്‍ട്ടറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചൈനയില്‍ നടക്കുന്നത്.
ഒരാഴ്ചയായി ചൈനയിലെ പ്രധാന ചര്‍ച്ചാ വിഷയം നെറ്റ്ഫില്‍ട്ടറും അതിനോടനുബന്ധിച്ച ഗ്രീം ഡാം സോഫ്റ്റ്വയറുമാണ്. യൂറോപ്യന്‍ യൂനിയനും അമേരിക്കയും നേരത്തെ തന്നെ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ആഗോള വിപണിയില്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികാളൊക്കെ ചൈനയുടെ നെറ്റ്ഫില്‍ട്ടര്‍ ഭീതിയിലാണ്. ജൂലൈ ഒന്നു മുതല്‍ ഇവിടെ ഇറക്കുന്ന ഓരോ കമ്പ്യൂട്ടറിലും ഗ്രീന്‍ ഡാം സോഫ്റ്റ്വയര്‍ ഘടിപ്പിക്കേണ്ടി വരും. ഇത് ചൈനയിലെ കമ്പ്യൂട്ടര്‍ വിപണിയെ ബാധിക്കുമെന്നാണ് കരുതുന്നത്.
ലോകത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു നെറ്റ് നിയന്ത്രണം നടപ്പിലാക്കുന്നത്. അറബ് രാജ്യങ്ങളിലൊക്കെ പ്രത്യേകം വെബ്സൈറ്റുകള്‍ക്ക് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടൊള്ളൂ. എന്നാല്‍, ചൈനീസ് ഭരണക്കൂടത്തിന് വേണ്ടത് പോലെ ഇനി മുതല്‍ നെറ്റിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സോഫ്റ്റ്വയര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഹാക്കര്‍മാരുടെ ആക്രമണവും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ചൈനയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികള്‍ക്കും വാണിജ്യപ്രവര്‍ത്തകര്‍ക്കും ഈ നെറ്റ്നിയന്ത്രണം സാമ്പത്തികപരമായി വന്‍ നഷ്ടമുണ്ടാക്കിയേക്കും.
വിദേശ രാജ്യങ്ങളുമായി കച്ചവട, മറ്റു ബന്ധങ്ങളിലുള്ള കരാര്‍ ലംഘനം കൂടിയാണ് ചൈനയുടെ നെറ്റ്ഫില്‍ട്ടറെന്ന് വിവിധ രാജ്യങ്ങള്‍ ആരോപിച്ചു. അതേസമയം, അശ്ലീല സൈറ്റുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നെറ്റ് ഫില്‍ട്ടര്‍ സംവിധാനം കൊണ്ടുവരുന്നത് എന്ന് ചൈനീസ് ഭരണക്കൂടം പറയുന്നുണ്ടെങ്കിലും രാഷ്ട്രീയമാണ് ഇതിന്‍ പിന്നിലെന്നും ആരോപണങ്ങളുണ്ട്. സര്‍ക്കാറിനെതിരെ തിരിയുന്ന സൈറ്റുകളെയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാന്‍ നെറ്റ് ഫില്‍ട്ടര്‍ സംവിധാനത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. |