മൈക്രോസോഫ്റ്റിന്‍റെ എക്സ്ബൊക്സ് 360-ല്‍ ഇനി മുതല്‍ പന്തുകളിയും സിനിമയും ലഭിക്കും. ഫ്രാന്‍സിലെ ദശലക്ഷക്കണക്കിന് എക്സ്ബൊക്സ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. കളികള്‍ക്ക് പുറമെ നാടകങ്ങള്‍, സിനിമ, ഫുട്ബോള്‍ മത്സരങ്ങള്‍ എന്നിവയെല്ലാം എക്സ്ബൊക്സില്‍ ലഭിക്കും. ഇത്തരം സേവനം ലഭ്യമാക്കാനായി ബ്രിട്ടീഷ് പേ ടിവി പ്രക്ഷേപകരായ ബിസ്കൈബിയുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച നടത്തി കഴിഞ്ഞു.
കളികള്‍ക്കൊപ്പം കൂടുതല്‍ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണ് എക്സ്ബൊക്സില്‍ ഇത്തരം സേവനങ്ങള്‍ കൂടി തുടങ്ങുന്നതെന്ന് മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. പുതിയ പദ്ധതി പ്രകാരം മൂവായിരത്തോളം സിനിമകള്‍, നാടകങ്ങള്‍, തത്സമയ പരിപാടികള്‍ എന്നിവ എക്സ്ബൊക്സ് വഴി ലഭിക്കും. ഇതിനു പുറമെ ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ മത്സരങ്ങളും കാണാനാകും.
സിനിമയും പന്തുകളിയും കണ്ടു കൊണ്ടിരിക്കെ എക്സ്ബൊക്സ് ലൈവ സാങ്കേതികത ഉപയോഗിച്ച് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും. എക്സ്ബൊക്സ് ലൈവില്‍ നിലവില്‍ ലോകത്ത് ആകെ 17 ദശലക്ഷം അംഗങ്ങളുണ്ട്. |