രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയസിന്‍റെ മൊബൈല്‍ ഫോണുകളില്‍ ഇനി മുതല്‍ ബിബിസി റേഡിയോ ലഭിക്കും. ഇത് സംബന്ധിച്ച് റിലയന്‍സ് മൊബൈലും ബി ബി സി വേള്‍ഡും ധാരണയിലെത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്‍റെ ആര്‍ വേള്‍ഡ് വാസ് പ്ലാറ്റ്ഫോം വഴിയായിരിക്കും റേഡിയോ സേവനം ലഭിക്കുക.
ഓഡിയോ ലൈവായാണ് നല്‍കുന്നത്. ഇത്തരത്തിലൊരു അന്താരാഷ്ട്ര കമ്പനിയുടെ റേഡിയോ സേവനം ലഭ്യമാക്കുന്നത് ഇന്ത്യന്‍ ടെലികോം മേഖലയില്‍ ആദ്യമായാണ്. ബി ബി സി വേള്‍ഡ് സര്‍വീസ് കൂടുതല്‍ പേരിലെത്തിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് ഇത്തരമൊരു സേവനം തുടങ്ങുന്നതെന്ന് ബി ബി സി വക്താവ് പറഞ്ഞു.
പുതിയ പദ്ധതി പ്രകാരം റിലയന്‍സ് മൊബൈല്‍ വരിക്കാര്‍ക്ക് ബിബിസിയുടെ ഓഡിയോ സേവനം ലഭിക്കും. ബി ബി സി റേഡിയോ നിലവില്‍ അഞ്ച് ഭാഷകളില്‍ ലഭ്യമാണ്. ഈ അഞ്ചു ഭാഷകളിലെ റേഡിയോ ശബ്ദവും റിലയന്‍സ് മൊബൈല്‍ വരിക്കാര്‍ക്ക് ലഭിക്കും. ഇംഗ്ലീഷ് വാര്‍ത്തകള്‍ പ്രാധാന്യം നല്‍കുന്ന ബി ബി സി റേഡിയോയില്‍ ഹിന്ദി വാര്‍ത്തകള്‍ രാവിലെ 6.30, 8.00, വൈകീട്ട് 7.30, 10.30 എന്നീ സമയങ്ങളിലാണ് കേള്‍ക്കാനാകുക. ഇതിനു പുറമെ ഉര്‍ദു, തമിഴ്, ബംഗ്ലാ എന്നീ ഭാഷകളിലും ബി ബി സി റേഡിയോ ലഭിക്കും. |