ആപ്പിളിന്‍റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണ്‍ ത്രീജി എസ് പുറത്തിറങ്ങിയതോടെ യൂട്യൂബില്‍ വീഡിയോ തരംഗം. യൂട്യൂബില്‍ മൊബൈല്‍ വഴിയുള്ള വീഡിയോ അപ്‌ലോഡിംഗ് 400 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഐഫോണിന്‍റെ മുന്‍ പതിപ്പില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ലഭ്യമായിരുന്നില്ല. എന്നാല്‍, പുതിയ ഐഫോണ്‍ ത്രീജിയില്‍ വീഡിയോ എടുക്കാനും ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനും അവസരമുണ്ട്.
കഴിഞ്ഞ ആറു മാസത്തിനിടെ യൂട്യൂബിലെ മൊബൈല്‍ വീഡിയോ അപ്‌ലോഡിംഗില്‍ 1,700 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു. വീഡിയോ അപ്‌ലോഡിംഗിനെ സഹായിക്കുന്ന രീതിയിലാണ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നത്.
അതേസമയം, നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനുള്ള മൊബൈല്‍ സംവിധാനങ്ങള്‍ മിക്ക സെല്‍ഫോണ്‍ കമ്പനികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ യൂട്യൂബില്‍ വളരെ വേഗത്തില്‍ വീഡിയോകള്‍ അപ്‌ലോഡിംഗ് സാധ്യമാക്കിയതും ശ്രദ്ധേയമാണ്.
വീഡിയോ അപ്‌ലോഡിംഗില്‍ ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന യൂട്യൂബ് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം പിന്തള്ളിയിരിക്കുകയാണ്. മൊബൈല്‍ വഴി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കാനും ഐഫോണ്‍ ത്രീജി എസ് സഹായിക്കുന്നുണ്ട്. അതേസമയം യൂട്യൂബിന്‍റെ പുതിയ ചാനല്‍ ഡിസൈനിംഗും പുറത്തിറങ്ങി കഴിഞ്ഞു. |