ചൈനയില്‍ വെബ്ഫിള്‍ട്ടര്‍ സംവിധാനം നടപ്പിലാക്കുന്നതിനാല്‍ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ ആശങ്കയിലാണ്. ജൂലൈ ഒന്നു മുതല്‍ ചൈനയില്‍ ഇറക്കുന്ന ഓരോ കമ്പ്യൂട്ടറിലും ലാപ്ടോപിലും ഗ്രീന്‍ ഡാം എന്ന സോഫ്റ്റ്വയര്‍ ഘടിപ്പിക്കേണ്ടി വരും. ഡെല്‍, എച്ച്‌പി, എസര്‍ എന്നീ കമ്പനികളാണ് പുതിയ നെറ്റ്ഫില്‍ട്ടര്‍ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയത്. അതേസമയം, ചൈനീസ് ഭരണക്കൂടത്തിന്‍റെ പുതിയ വെബ്ഫിള്‍ട്ടര്‍ സോഫ്റ്റ്വയര്‍ സംബന്ധിച്ചുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. അതേസമയം, ചൈനയിലെ ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണമെന്ന് നേരത്തെ അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. പുതിയ നെറ്റ്ഫില്‍ട്ടര്‍ സോഫ്റ്റ്വയര്‍ ഗ്രീന്‍ ഡാമിന് അശ്ലീല സൈറ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കും. ഭാവിയില്‍ സര്‍ക്കാറിന് ഏതുതരത്തിലുള്ള നെറ്റ് നിയന്ത്രണം കൊണ്ടുവരാനും ഈ സോഫ്റ്റ്വയര്‍ വഴി സാധ്യമാകും.
അശ്ലീല വാക്കുകള്‍ എന്ത് തന്നെ ഉപയോഗിച്ചാലും നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ, ചാറ്റിംഗ്, വേര്‍ഡ് പ്രോസസിംഗ് ആപ്ലിക്കേഷന്‍സ് എന്നീ സേവനങ്ങളും നിയന്ത്രിക്കാന്‍ ആന്‍റി-പ്രോണോഗ്രാഫി സോഫ്റ്റ്വയറിനാകുമെന്ന് ചൈനീസ് സോഫ്റ്റ്വെയര്‍ ഗവേഷകന്‍ പറഞ്ഞു.
അശ്ലീല സൈറ്റുകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നെറ്റ്വര്‍ക്ക് ഗെയ്റ്റ് വേ വഴി നേരത്തെ തന്നെ വിവിധ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ജനപ്രിയ സൈറ്റുകളായ യൂട്യൂബ്, ട്വിറ്റര്‍ എന്നിവയെല്ലാം ബ്ലോക്ക് ചെയ്തതിന് പിന്നിലും അശ്ലീല വീഡിയോ, ഫോട്ടോ നിയന്ത്രണമായിരുന്നു. ഗ്രീന്‍ ഡാം എന്നാണ് അശ്ലീല നിയന്ത്രണ സോഫ്റ്റ്വെയറിന് പേര് നല്‍കിയിരിക്കുന്നത്.
അശ്ലീല സൈറ്റുകള്‍, അശ്ലീല ചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്. |