രാജ്യത്ത് ഒട്ടുമിക്കവരുടെയും കയ്യിലിന്ന് മൊബൈല്‍ ഫോണുണ്ട്. വിവിധതരം മൊബൈല്‍ സേവനങ്ങള്‍ നല്‍കാനായി ടെലികോം സേവനദാതാക്കളും മത്സരിക്കുകയാണ്. രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെലിന്‍റെ ഏറ്റവും പുതിയ സേവനമാണ് ‘ജോബ് ഓണ്‍’ മൊബൈല്‍.
തൊഴില്‍ തേടുന്നവരെ സഹായിക്കാനായാണ് ഈ സേവനം തുടങ്ങിയിരിക്കുന്നത്. കര്‍ണാടകയിലെ ബാംഗ്ലൂരിലാണ് എയര്‍ടെലിന്‍റെ തൊഴില്‍ സഹായ സേവനം തുടങ്ങിയിരിക്കുന്നത്. കുറഞ്ഞ വേതനക്കാരെയും മധ്യവര്‍ഗക്കാരെയും ലക്‍ഷ്യമിട്ടാണ് ഈ സേവനം തുടങ്ങിയിരിക്കുന്നതെന്ന് എയര്‍ടെല്‍ വക്താവ് പറഞ്ഞു. ഡ്രൈവര്‍, കുക്ക്, സെക്യൂരി ഗാര്‍ഡ് തുടങ്ങി ജോലികള്‍ സംബന്ധിച്ച വിവരങ്ങളും സന്ദേശങ്ങളുമായിരിക്കും എയര്‍ടെല്‍ മൊബൈല്‍ വഴി ലഭ്യമാകുക.
വേതനം നിശ്ചയിക്കാനും മെനുവില്‍ നിന്ന് തൊഴിലിടം കണ്ടെത്താനും മൊബൈല്‍ ഉപയോക്താക്കള്‍ക്കാകും. ബാബാജോബ്സുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ഇത്തരമൊരു സേവനം നടപ്പിലാക്കിയിരിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ നിലവില്‍ എയര്‍ടെല്‍ സേവനത്തില്‍ ലഭ്യമാണ്. ഈ സേവനം ലഭ്യമാക്കാനായി വരിക്കാരില്‍ നിന്ന് പത്ത് ദിവസത്തിന് 10 രൂപ ഈടാക്കുന്നുണ്ട്. |