മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. പുതിയ സെറ്റായ ഐഫോണ്‍ ത്രീജി എസ് വിപണിയിലെത്തി മൂന്നു ദിവസത്തിനകം ഒരു മില്യന്‍ യൂണിറ്റുകള്‍ വില്‍പ്പന നടന്നെന്നാണ് റിപ്പോര്‍ട്ട്.
അമേരിയ്ക്കയടക്കം എട്ട് രാജ്യങ്ങളിലാണ് ആപ്പിളിന്‍റെ ഐഫോണ്‍ ത്രീജി എസ് വില്‍പ്പനയ്ക്കെത്തിയത്. 2008ല്‍ പുറത്തിറങ്ങിയ ഐഫോണിനും ഒരാഴ്ചക്കുള്ളില്‍ ദശലക്ഷത്തിലേറെ വില്‍പ്പന നടന്നിരുന്നു. എന്നാല്‍, 2008ല്‍ 22 രാജ്യങ്ങളിലായാണ് ഫോണ്‍ വിപണനത്തിനെത്തിരുന്നത്.
ഐഫോണ്‍ ത്രീജി എസിന്‍റെ വില്‍പ്പന മുന്നേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആപ്പിള്‍ ഓഹരികള്‍ ഒരു ശതമാനം മുന്നേറ്റം നടത്തി. ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്‍റെ ചില ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആപ്പിളിന്‍റെ ഓഹരികള്‍ക്ക് ഒരു ശതമാനം ഇടിവ് നേരിട്ടിരുന്നു.
അതേസമയം, ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് ആറു ദശലക്ഷത്തോളം ഐഫോന്‍3.0 സോഫ്റ്റ്വയര്‍ ഡൌണ്‍ലോഡ് ചെയ്തതായും കമ്പനി അധികൃതര്‍ അറിയിച്ചു. ഐഫോണ്‍ 3.0 പുറത്തിറങ്ങി അഞ്ചു ദിവസത്തിനുള്ളിലാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. പ്രവര്‍ത്തന വേഗതയില്‍ ഏറെ മുന്നിലുള്ള ഐഫോണ്‍ ത്രീജി എസിലെ ബാറ്ററി ലൈഫും മികച്ചതാണ്. |