ജനപ്രിയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യല്‍ നടപടി ചൈനയില്‍ തുടരുകയാണ്. ഏറ്റവും അവസാനമായി ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍, ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്ലിക്കര്‍ എന്നിവ നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ ചൊവാഴ്ചയാണ് ചൈനീസ് ഭരണകൂടം ഇത്തരമൊരു തീരുമാനമെടുത്തത്. ട്വിറ്റര്‍ നിരോധിച്ചതിനെതിരെ ബ്ലോഗുകള്‍ വഴി ചൈനയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍, മൈക്രോബ്ലോഗിംഗ് സൈറ്റുകള്‍, ഫോട്ടോ, വീഡിയോ ഷെയറിംസ് സൈറ്റുകള്‍ എന്നിവ സര്‍ക്കാറിന്‍റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ചൈന ഭരിക്കുന്ന പാര്‍ട്ടി തത്വങ്ങളെയും ചോദ്യം ചെയ്യുമെന്നും അത്തരം നീക്കങ്ങള്‍ നെറ്റ് ലോകത്ത് വ്യാപിക്കുമെന്ന ഭീതിയാണ് ഇത്തരം നിരോധനങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതുന്നത്.
ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്യം ആവശ്യപ്പെട്ട് 1989 ല്‍ വിദ്യാര്‍ഥികളും ബുദ്ധിജീവികളും നയിച്ച സമരം അടിച്ചമര്‍ത്താന്‍ ചൈനീസ് പട്ടാളം ടിയാനന്‍മെന്‍ ചത്വരത്തില്‍ നടത്തിയ കൂട്ടക്കൊലയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്താണ് ഇത്തരം ജനപ്രിയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ചൈനീസ് ഭരണക്കൂടം നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് നേരത്തെ തന്നെ ചൈനയില്‍ ബ്ലോക്ക് ചെയ്തിരുന്നു. |