മൊബൈല്‍ നിര്‍മ്മാണ മേഖലയിലെ മുന്‍നിര കമ്പനിയായ സോണി എറിക്സന്‍ നഷ്ടത്തിലേക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ റിപ്പോര്‍ട്ട് പ്രകാരം സോണി എറിക്സന്‍ 293 ദശലക്ഷം(ഏകദേശം 1,900 കോടി രൂപ) നഷ്ടത്തിലാണ്. ഇതേതുടര്‍ന്ന് രണ്ടായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സോണി എറിക്സന്‍ അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം പ്രതീക്ഷിച്ചതിലും ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം വരും മാസങ്ങള്‍ കടുത്തതായിരിക്കും. അതിനാല്‍ തന്നെ വിപണിയുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി ബിസിനസ് പുനര്‍ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും സോണി എറിക്സന്‍ പ്രസിഡന്‍റ് ഡിക് കോമിയാമ പറഞ്ഞു.
എങ്ങനെ ചെലവ് ചുരുക്കാമെന്നാണ് കമ്പനി ഇപ്പോള്‍ ചിന്തിച്ചുക്കൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ 400 ദശലക്ഷം യൂറോയുടെ ചെലവെങ്കിലും കുറയ്ക്കണമെന്നാണ് കരുതുന്നതെന്നും കോമിയ പറഞ്ഞു. ഇതിന്‍റെ ഭാഗമായി രണ്ടായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടും. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ തന്നെ സോണി എറിക്സന്‍ രണ്ടായിരത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. |