ജിമ്മി വേല്‍സ് എന്ന സാങ്കേതിക വിദഗ്ധന്‍ പടച്ചുവിട്ട വികിയ സേര്‍ച്ച് എഞ്ചിന്‍റെ അന്വേഷണം ഇവിടെ പൂര്‍ണമാകുകയാണ്. ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെ മറിക്കടക്കുക എന്ന ലക്‍ഷ്യവുമായി 2006 ലാണ് വികിയ സേര്‍ച്ച് തുടങ്ങിയത്.
എന്നാല്‍, ഇന്‍റര്‍നെറ്റ് ലോകത്ത് വേണ്ടത്ര ചലനം സൃഷ്ടിക്കാന്‍ വികിയ സേര്‍ച്ചിനായില്ല. അന്വേഷണ വിവരങ്ങള്‍ കൃത്യവും വ്യക്തവുമായിരുന്നില്ല. ഇതിനാല്‍ തന്നെ ഉപയോക്താക്കളുടെ പരാതികളും ഏറെയായിരുന്നു. സേര്‍ച്ച് എഞ്ചിന്‍ രംഗത്ത് വികിയ സേര്‍ച്ചിന് ഭാവിയില്ലെന്ന് നിര്‍മ്മാതാവ് വേല്‍സ് പറഞ്ഞു.
തന്‍റെ ബ്ലോഗ് വഴിയാണ് വികിയയുടെ സേവനം നിര്‍ത്തുന്നതായി വേല്‍സ് അറിയിച്ചത്. ഇതില്‍ നിന്ന് താന്‍ ഒരുപാട് പഠിച്ചെന്നും ഈ ജോലി തനിക്ക് പറ്റിയതല്ലെന്നും അദ്ദേഹം പറഞ്ഞു. വികിയ സേര്‍ച്ചിന് ഹിറ്റ് കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു.
ഇതിനാല്‍ തന്നെ ആഗോള പ്രതിസന്ധി നേരിടുന്ന സമയത്ത് വികിയ സേര്‍ച്ച് സേവനം തുടരുക എന്നത് ബുദ്ധിമുട്ടാണെന്നും വേല്‍സ് പറഞ്ഞു. ഇന്‍റര്‍നെറ്റ് ലോകത്തെ പ്രമുഖ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ നിര്‍മ്മാതാവ് കൂടിയാണ് വേല്‍സ്. |