ഡെല്ലിന്‍റെ ഡിജിറ്റല്‍ മ്യൂസിക്ക് പ്ലേയര്‍ പുറത്തിറങ്ങുന്നത് വൈകുമെന്ന അഭ്യൂഹങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനിടയില്‍ ഇത്തരമൊരു പദ്ധതി തങ്ങള്‍ ഗൌരവമായി എടുത്തിട്ടേയില്ല എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുക്കയാന് കമ്പനി പ്രതിനിധികള്‍.
ഇതേ കുറിച്ച് ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഡിജിറ്റല്‍ വിനോദ രംഗത്ത് തങ്ങളുടെ സാനിധ്യം ഉറപ്പിക്കാനായി മ്യൂസിക്ക് പ്ലേയര്‍ പുറത്തിറക്കുക എന്ന തന്ത്രം ഒരിക്കലും അലോചിച്ചിട്ടില്ല എന്നാണ് കമ്പനി ഒരു ബ്ലോഗില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സിങ്ങ് സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുന്ന ഡെലിവെറി പ്ലാറ്റ്ഫോമും കണ്ടന്‍റ് സേവനങ്ങളുമാണ് ഡിജിറ്റല്‍ വിനോദ മേഖലയില്‍ തങ്ങള്‍ നല്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കമ്പനി പറയുന്നു.മുന്‍ നിര കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ 2007ലാണ് ഡിജിറ്റല്‍ ഓഡിയോയും വീഡിയോയും വയറുകളില്ലാതെ പ്ലേയറുകളില്‍ ശേഖരിക്കാന്‍ സഹായിക്കുന്ന സിങ്ങ് സോഫ്റ്റ്‌വെയര്‍ സ്വന്തമാക്കിയത്. ഇതിന് മുന്‍പ് കമ്പനി പുറത്തിറക്കിയ ഡിജിറ്റല്‍ മ്യൂസിക്ക് പ്ലേയര്‍ വിപണിയില്‍ പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ആപ്പിള്‍ ഐപോഡിന്‍റെയും ഐട്യൂണ്‍സിന്‍റെയും മാതൃകയില്‍ ഡിജിറ്റല്‍ സംഗീത പ്ലേയറും ഓണലൈന്‍ സംഗീത വില്‍പ്പന സംവിധാനവും കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വൈകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെയാണ് ബ്ലോഗിലൂടെ ഡെല്‍ പുതിയ വിശദീകരണം നല്‍കിയിരിക്കുന്നത്. |