ഉന്നത സാങ്കേതിക മികവ് പുലര്‍ത്തുന്ന ഏറ്റവും വലിയ പ്ലാസ്മാ ടെലിവിഷനുമായി വിപണിയിലേക്ക് എത്തുകയാണ് പാനാസോണിക്. അന്താരാഷ്ട്ര കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ 150 ഇഞ്ച് വലിപ്പം സ്ക്രീനുള്ള ടെലിവിഷന്‍ അവര്‍ പുറത്തിറക്കി.
ജപ്പാന്‍ കമ്പനി അവതരിപ്പിച്ച ഈ പുതിയ ടെലിവിഷന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ പുതിയ അദ്ധ്യായമാണ് തുറന്നിരിക്കുന്നത്. സ്വന്തം വീടുകളില്‍ തന്നെ ഒരു തീയറ്റര്‍ എന്ന സങ്കല്‍പവുമായി ഇത് ഒത്തു പോകുന്നു.
ഈ പ്ലാസ്മാ പാനല്‍ സവിശേഷത നല്‍കുന്നത് 8.84 ദശലക്ഷം പിക്‍സല്‍ ഇമേജ് റസൊല്യൂഷനാണ്. ഇതിന്‍റെ സ്ക്രീന്‍ ഒമ്പത് 50 ഇഞ്ച് സെറ്റുകള്‍ക്ക് തുല്യമാണ്. സ്ക്രീന്‍റെ വലിപ്പം 11 അടിയോളം വരുമെന്ന് കമ്പനി പറയുന്നു.
ആദ്യമായി വിപണിയില്‍ എത്തിക്കുന്നത് 70,000 ഡോളര്‍ വിലയിലാണ്. എന്നാല്‍ ഈ ടെലിവിഷന്‍ നിര്‍മ്മാണത്തിന് എത്രയായെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പാനാസോനിക്ക് അവതരിപ്പിച്ച എല്‍ സി ഡി ടെലിവിഷനുകള്‍ക്കും പ്ലാസ്മാ ടെലിവിഷനുകള്‍ക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്.
ഒപ്പം തന്നെ ഇന്‍റര്‍നെറ്റ് സംവിധാനം അനുവദിക്കുന്ന പ്ലാസ്മാ ടെലിവിഷനും പുറത്തിറക്കാന്‍ പാനാസോണിക്കിനു താല്പര്യമുണ്ട്. യു ട്യൂബില്‍ നിന്നും വീഡിയോകള്‍ നേരെ ടെലിവിഷനിലേക്ക് എത്തിക്കാനാകും എന്നതാണ് പ്രത്യേകത.
|