ആപ്പിള്‍ ഐ ഫോണുകള്‍ താമസിയാതെ ചൈനീസ് വിപണിയിലെത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് ടെലിക്കോം അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിലവിലുള്ള സാങ്കേതിക നിയമ സാഹചര്യങ്ങളില്‍ ഇത് സാധ്യമാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റ് ബ്രൌസറും മ്യൂസിക്ക് പ്ലേയറും ചേരുന്ന ഉപകരണമായ ഐ ഫോണ്‍ ചൈനീസ് വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് ചൈനയിലെ മൊബൈല്‍ സേവന കമ്പനിയായ ചൈനാ മൊബൈല്‍ ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് വാങ്ങ് ജിയാങ്‌ഷൂ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ചു ദിവസ്ങ്ങളായി തിരിച്ചടി നേരിട്ടു കൊണ്ടിരുന്ന ആപ്പിളിന് വന്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു.
എന്നാല്‍ പ്രത്യേക കമ്പനിയുടെ സേവനങ്ങള്‍ മാത്രം അനുവദിക്കുന്ന ഐ ഫോണിന്‍റെ സാങ്കേതിക വിദ്യ ചൈനയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ആപ്പിള്‍ പിന്തുടരുന്ന വരുമാനം പങ്കുവെയ്ക്കല്‍ സംവിധാനം ചൈനീസ് നിയമങ്ങള്‍ക്ക് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഐ ഫോണ്‍ ചൈനയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാജ്യത്തെ രണ്ടാമത്തെ മൊബൈല്‍ സേവനദാതാക്കളായ ചൈന യൂണിക്കോമും അറിയിച്ചിട്ടുണ്ട്.
|