സ്മാര്‍ട്ട് സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് കാക്കനാട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
കരാര്‍ പ്രകാരം കൈമാറേണ്ട 246 ഏക്കര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ അന്ന് തന്നെ ടീക്കോമിന് കൈമാറും. പദ്ധതി പ്രദേശം കേന്ദ്രമാക്കി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ഈ മാസം ഇരുപതിന് സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ നാലു വരി പാതയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും.
കേരളത്തിന്‍റെ ഐ.ടി വികസനത്തിന് നാഴികക്കല്ലാവുമെന്ന് പൊതുവേ പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി കൊച്ചി ഒരുങ്ങുകയാണ്. കാക്കനാട്ടെ ഇടച്ചിറയിലുള്ള 246 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി വരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് സര്‍ക്കാരും ടീക്കോമും പറയുന്നത്.
സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണി ഇനിയും തുടങ്ങിയിട്ടില്ല. സീഫോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്നും പദ്ധതി പ്രദേശത്തേയ്ക്ക് നാലു വരിപാതയാണ് നിര്‍മ്മിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ വൈദ്യുതി ബ്രഹ്മപുരത്ത് നിന്നും ജലം കടമ്പനാട്ട് നിന്നും ലഭ്യമാക്കാനാണ് ഇപ്പോഴത്തെ ആലോചന. പദ്ധതി പ്രദേശത്തെ വികസനത്തിനായുള്ള രൂപരേഖ ടീകോം തയാറാക്കി കഴിഞ്ഞു. ശിലാസ്ഥപന ചടങ്ങിനുള്ള പന്തല്‍ ഇന്‍ഫോപാര്‍ക്കിന് കഴിക്കുവശത്തുള്ള ആറേക്കര്‍ ഭൂമിയിലാണ് ഒരുങ്ങുകയാണ്.
വേദിയുടെ നിര്‍മാണം വ്യാഴാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 14,500 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന പന്തലിലേക്ക് വി.ഐ.പികള്‍ക്ക് കടന്നുവരാനുള്ള താത്കാലിക പാലത്തിന്‍റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. പതിനായിരത്തോളം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തും. വേദിക്ക് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ വേദിക്ക് പൊലീസ് സംരക്ഷണമുണ്ടാവും. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഭൂവുടമകള്‍ നിരാഹാര സമരം തുടരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്. ഉദ്ഘാടനത്തിന് മുമ്പ് പ്രശ്നം ഒത്തു തീര്‍ക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
|