ആധുനിക സാങ്കേതിക വിദ്യയില്‍ ലോകത്തെ പ്രമുഖരായ മൈക്രോസോഫ്ട് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തേക്കു കാലു കുത്താനൊരുങ്ങുന്നു. സ്വന്തം തട്ടകമായ കമ്പ്യൂട്ടര്‍ മേഖല തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതും. ഐടി നഗരമായ ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍രംഗത്ത് ഉന്നതപഠനത്തിന് സാങ്കേതിക അടിത്തറ നല്‍കുന്നതിനായി കമ്പ്യൂട്ടര്‍ സര്‍വ്വകലാശാലയാണ് ലക്‍ഷ്യമിടുന്നത്.
തുടക്കത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നവീന സാങ്കേതിവിദ്യകളുടെ പഠനകേന്ദ്രമായിട്ടാണ് സര്‍വ്വകലാശാല വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ബിരുദധാരികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ സ്ഥാപനം സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
വിദ്യാഭ്യാസരംഗത്ത് സാന്നിധ്യം കുറിക്കുന്ന മൈക്രോസോഫ്ടിന്‍റെ ലോകത്തെ ആദ്യ പഠന കേന്ദ്രമായിരിക്കും ഇത്. ഒരു വിദേശ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ സര്‍വ്വകലാശാലയും ആയിരിക്കും ഈ സ്ഥാപനം. രണ്ടു മാസം മുമ്പ് മൈക്രോസോഫ്ട് അധികാരികള്‍ സര്‍വ്വകലാശാല പദ്ധതിയുമായി കര്‍ണാടക സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
പോയവര്‍ഷം ഇന്ത്യയില്‍ കമ്പ്യുട്ടര്‍ സയന്‍സില്‍ പി എച്ച് ഡി നേടാനായത് 26 പേര്‍ക്ക് മാത്രമാണ്. അതേസമയം അമേരിക്കയില്‍ നിന്ന് ആയിരത്തിയേഴ് പേരും ചൈനയില്‍ രണ്ടായിരത്തോളം പേരും പി എച്ച് ഡി നേടി. അമേരിക്കയില്‍ നിന്നും കമ്പ്യൂട്ടര്‍ രംഗത്ത് പോയവര്‍ഷം പി എച്ച് ഡി നേടിയവരില്‍ 275 പേരും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു വസ്തുത.
|