കഴിഞ്ഞ രണ്ട് സെഷനുകളില്‍ നിന്നായി മൂന്ന് ശതമാനത്തോളം ഉയര്‍ച്ച കൈവരിച്ച ആഭ്യന്തര ഒഹരി സൂചികകളില്‍ ഇന്ന് പക്ഷേ, സ്ഥിരത പ്രകടമായി. സെന്‍സെക്സ് 22 പോയിന്‍റ് മാത്രം ഉയര്‍ന്ന് 18,667 പോയിന്‍റിലും നിഫ്റ്റി നാല് പോയിന്‍റ് ഉയര്‍ച്ചയില്‍ 5,608 പോയിന്‍റിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം കൂടുതല്‍ നേട്ടമുണ്ടാക്കിയ എസിസി ഇന്നും അതേ മികവ് നിലനിര്‍ത്തി. 2.9 ശതമാനം വര്‍ദ്ധനയാണ് ഇന്ന് എസിസി ഓഹരികള്‍ക്കുണ്ടായത്. ഭാരതി എയര്‍ടെല്ലിന് 2.5 ശതമാനവും എസ്ബിഐയ്ക്ക് രണ്ട് ശതമാനവും വില ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്റ്റെര്‍ലൈറ്റ്, ആര്‍കോം തുടങ്ങിയവ നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികളാണ്.
ബ്രിട്ടാനിയ ഓഹരികള്‍ക്ക് 13.8 ശതമാനം വില ഉയര്‍ന്നു. സുവാരിക്ക് 9.4 ശതമാനവും മൊണ്‍സാന്‍റോയ്ക്ക് 8.5 ശതമാനവും ഗാമോണ്‍ ഇന്‍ഫ്ര, കോര്‍ പ്രൊജക്റ്റ്സ്, ഐഡിബിഐ ബാങ്ക് തുടങ്ങിയവയ്ക്ക് അഞ്ച് മുതല്‍ ആറ് ശതമാനം വരെയും വില ഉയര്‍ന്നു.
അതേസമയം, റിലയന്‍സ് ഇന്‍ഫ്രയ്ക്ക് 1.7 ശതമാനത്തോളം നഷ്ടം നേരിട്ടു. ഐടിസി ഓഹരികള്‍ക്ക് 1.2 ശതമാനം വില കുറഞ്ഞു. ഐസിഐസിഐ ബാങ്കിന് ഒരു ശതമാനവും എച്ച് ഡി എഫ് സി ബാങ്കിന് 0.6 ശതമാനവും നഷ്ടം നേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും നേരിയ നഷ്ടം നേരിട്ടു.
മുംബൈ വിപണിയില്‍ ഇന്ന് മൊത്തം വ്യാപാരം നടന്ന 3066 ഓഹരികളില്‍ 1600 എണ്ണം നേട്ടം കണ്ടപ്പോള്‍ 1348 എണ്ണം നഷ്ടം നേരിട്ടു.