കഴിഞ്ഞ ആഴ്ചയിലെ തുടര്‍ച്ചയെന്നോണം ഈ ആഴ്ചയും ആഭ്യന്തര ഓഹരി വിപണിയില്‍ നഷ്ടം തന്നെയാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 491 പോയിന്‍റ് ഇടിഞ്ഞ് 15,404 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്ക വ്യാപാരത്തില്‍ തുടങ്ങിയ തകര്‍ച്ച വിപണി അടയ്ക്കുന്നത് വരെ തുടര്‍ന്നു.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 147 പോയിന്‍റ് നഷ്ടത്തോടെ 4545 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്. സെപ്റ്റംബര്‍ മൂന്നിന് ശേഷം ഇത് ആദ്യമായാണ് നിഫ്റ്റി 4600ന് താഴേക്ക് പോകുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് വിപണിയില്‍ ഇടിവ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 122 പോയിന്‍റ് ഇടിഞ്ഞപ്പോള്‍ ഇന്‍ഫോസിസ് ഓഹരികള്‍ 43 പോയിന്‍റ് നഷ്ടത്തിലായി. എസ് ബി ഐ, ഹിന്‍ഡാല്‍കോ, ഡി എല്‍ എഫ്, ജയപ്രകാശ്, സ്റ്റെര്‍ലൈറ്റ്, എ സി സി, എന്നീ കമ്പനികളുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. മെറ്റല്‍, റിയാലിറ്റി ഓഹരികളാണ് കൂടുതലായി ഇടിഞ്ഞത്.