ആഴ്ചയിലെ ആദ്യ ദിനം തന്നെ ആഭ്യന്തര ഓഹരി വിപണികളെല്ലാം ഇടിഞ്ഞു. തിങ്കളാഴ്ച ആരംഭ വ്യാപരത്തില്‍ തന്നെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 212 പോയിന്‍റ് ഇടിഞ്ഞ് 16,923 എന്ന നിലയിലെത്തി. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിവസം വിപണി അടയ്ക്കുമ്പോള്‍ സെന്‍സെക്സ് 7.71പോയിന്‍റ് ഉയര്‍ന്ന് 17134.55 എന്ന നിലയിലായിരുന്നു.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 65 പോയിന്‍റ് ഇടിഞ്ഞ് 5018 എന്ന നിലയിലെത്തി. കഴിഞ്ഞ വ്യാപാരാന്ത്യത്തില്‍ 0.55 പോയന്‍റ് ഇടിഞ്ഞ് 5083.40 പോയന്‍റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
യു എസ്, ഏഷ്യന്‍ വിപണികളിലെ ഇടിവാണ് ആഭ്യന്തര ഓഹരി വിപണിയിലും പ്രകടമായിരിക്കുന്നത്. വെള്ളിയാഴ്ച വ്യാപാരം നിര്‍ത്തുമ്പോള്‍ യു എസ് വിപണികള്‍ രണ്ട് ശതമാനം നഷ്ടത്തിലായിരുന്നു. ബാങ്കിംഗ്, ഓയില്‍, ഗ്യാസ്, ടെക്നോളജി ഓഹരികളെല്ലാം ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, സ്റ്റെര്‍ലൈറ്റ്, എസിസി, സിപ്ല, മാരുതി സുസുകി, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ തുടക്ക വ്യാപാരത്തില്‍ തന്നെ ഇടിഞ്ഞു.