ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടും വന്‍ മുന്നേറ്റം. കഴിഞ്ഞ രണ്ടു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം വെള്ളിയാഴ്ച വിപണി വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. 57 പോയിന്‍റ് നേട്ടത്തോടെ വ്യപാരം തുടങ്ങിയ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 256 പോയിന്‍റ് മുന്നേറ്റം നടത്തി 14,522 എന്ന നിലയിലാണ് വിപണി അടച്ചത്. ഉച്ച വ്യാപാരത്തില്‍ അല്‍പം താഴോട്ട് പോയെങ്കിലും വിപണി അടക്കാനായപ്പോള്‍ വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.
അതേസമയം, സെന്‍സെക്സിലെ വന്‍ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടനമായി. നിഫ്റ്റി 22 പോയിന്‍റ് മുന്നേറ്റം നടത്തി 4274 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 2,704 കമ്പനികളുടെ 1,345 ഓഹരികളും മികച്ച നേട്ടമാണ് കൈവച്ചത്.
ടാറ്റാ സ്റ്റീലും എല്‍ ആന്‍ഡ് ടിയും ആറു ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ അഞ്ചു ശതമാനം മുന്നേറ്റം നടത്തി. ജയപ്രകാശ് അസോസിയേറ്റ്സ്, റാന്‍ബാക്സി, ഗ്രാസിം, സ്റ്റെര്‍ലൈറ്റ്, ഇന്‍ഫോസിസ് എന്നീ പ്രമുഖ ഓഹരികളും മുന്നേറ്റം നടത്തി. അതേസമയം, എന്‍ ടി പി സി, ടാറ്റാ പവര്‍, എ സി സി എന്നീ ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
അന്താരാഷ്ട്ര ഓഹരി വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രകടമായത്. ഏഷ്യന്‍ വിപണികളില്‍ കഴിഞ്ഞ നാലുദിവസമായി നഷ്ടമായിരുന്നു എങ്കിലും വാരത്തിലെ അവസാന ദിവസം തിരിച്ചെത്തുകയായിരുന്നു. |