ആഭ്യന്തര ഓഹരി വിപണിയില്‍ സൂചികകള്‍ ചാഞ്ചാട്ടത്തിനു ശേഷം വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 383 പോയിന്‍റ് ലാഭത്തിലായി.
ചൊവ്വാഴ്ച രാവിലെ വിപണി വ്യാപാരം ആരംഭിച്ച സമയത്ത് 15 പോയിന്‍റ് വര്‍ദ്ധിച്ചെങ്കിലും പെട്ടന്നു തന്നെ 42 പോയിന്‍റ് താഴേക്ക് പോയി. പിന്നീട് ഉച്ച വരെ ചാഞ്ചാടി നിന്ന ശേഷം വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 383.20 പോയിന്‍റ് അഥവാ 2.63 ശതമാനം ലാഭത്തോടെ 14,961.07 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 2.45 ശതമാനം അഥവാ 108 പോയിന്‍റ് ലാഭത്തില്‍ 4502.85 എന്ന നിലയിലേക്കുമുയര്‍ന്നു. ഇടവേളയില്‍ സെന്‍സെക്സ് 14,529 എന്ന നിലവരെ താണിരുന്നു. ഇതിനൊപ്പം 14,987 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു.
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില 118 ഡോളര്‍ വരെ താണതാണ് പ്രധാനമായും ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റത്തിനു കാരണമായത്.
ബാങ്കിംഗ്, സിമന്‍റ്, റിയാലിറ്റി, ക്യാപിറ്റല്‍ ഗുഡ്സ് എന്നീ ഓഹരികള്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.
മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,767 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,786 എണ്ണം നേട്ടം കൊയ്തപ്പോള്‍ 921 എണ്ണം നഷ്ടത്തിലായി. ഇതേ സമയം 60 എണ്ണം സ്ഥിരത കൈവരിക്കുകയായിരുന്നു.
ഐസ്.ഐ.സി.ഐ ബാങ്ക് ഓഹരി വില 8 ശതമാനം വര്‍ദ്ധിച്ച് 693 രൂപയിലേക്ക് ഉയര്‍ന്നപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില 7 ശതമാനം വര്‍ദ്ധിച്ച് 1,184 രൂപയും എസ്.ബി.ഐ ഓഹരി വില 4.6 ശതമാനം ഉയര്‍ന്ന് 1,576 രൂപയായും വര്‍ധിച്ചു.
ഡി.എല്‍.എഫ് ഓഹരി വില 7.7 ശതമാനം വര്‍ദ്ധിച്ച് 553 രൂപയായപ്പോള്‍ ജയപ്രകാശ് അസോസിയേറ്റ്സ് 6 ശതമാനം വര്‍ദ്ധനയോടെ 185 രൂപയായി ഉയര്‍ന്നു. ഇതിനൊപ്പം റിയലന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി വില 4 ശതമാനം വര്‍ദ്ധിച്ച് 1,043 രൂപയായി.
മാരുതി സൂസുക്കി ഓഹരി വില 7.4 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ മഹീന്ദ്ര 5.5 ശതമാനവും ടാറ്റാ മോട്ടേഴ്സ് 3.2 ശതമാനവും വര്‍ദ്ധന കൈവരിച്ചു. ഗ്രാസിം, എ.സി.സി. എന്നിവയും മികച്ച നേട്ടം കൈവരിച്ചു. ഇത് കൂടാതെ എന്‍.റ്റി.പി.സി., വിപ്രോ, എച്ച്.ഡി.എഫ്.സി എന്നിവയും ഭെല്‍, ഭാരതി എയര്‍ടെല്‍ എന്നിവയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഒ.എന്‍.ജി.സി എന്നീ ഓഹരികളും മികച്ച നേട്ടം കൈവരിച്ചു.
ടി.സി.എസ്., എല്‍ ആന്‍റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, ഐ.റ്റി.സി, സത്യം കമ്പ്യൂട്ടേഴ്സ് എന്നിവയും നേട്ടം കൈവരിച്ചവയില്‍ പെടുന്നു.
അതേ സമയം സ്റ്റെറിലൈറ്റ് ഓഹരി വില 6.8 ശതമാനം ഇടിഞ്ഞപ്പോള്‍ ടാറ്റാ സ്റ്റീല്‍ ഓഹരി വില 2.3 ശതമാനവും ടാറ്റാ പവര്‍, റാന്‍ബാക്സി എന്നിവയുടെ ഓഹരി വില 1.5 ശതമാനം വീതവും നഷ്ടത്തിലായി. .
|