ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര കനത്ത നഷ്ടം വൈകിട്ടും തീര്‍ത്തും നികത്താനാവാതെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 1.76 ശതമാനം അഥവാ 336 പോയിന്‍റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 336.04 പോയിന്‍റ് കുറഞ്ഞ് 18,715.92 എന്ന നിലയിലേക്ക് താഴുകയായിരുന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 1.92 ശതമാനം അഥവാ 109.25 പോയിന്‍റ് നഷ്ടത്തില്‍ 5,559.30 എന്ന നിലയിലേക്ക് താണു.
തിങ്കളാഴ്ച തകര്‍പ്പന്‍ പ്രകടനം ദൃശ്യമായ വിപണിയില്‍ സെന്‍സെക്സ് 19,000 കടന്ന ആഘോഷമായിരുന്നു എങ്കില്‍ ബുധനാഴ്ച അതിനു നേര്‍ വിപരീതമായ അനുഭവമാണുണ്ടായത്.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ആഭ്യന്തര ഓഹരി വിപണിയെ നിയന്ത്രിക്കുന്നു എന്ന തോന്നല്‍ വന്നതോടെ അവയുടെ വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സെബിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാരും ആലോചിച്ചു. ഇതനുസരിച്ച് ഒക്‍ടോബര്‍ 25 മുതല്‍ നിക്ഷേപങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് നിശ്ചയിക്കുകയും ചെയ്തു.
എന്നാല്‍ ഈ തീരുമാനം വിപണിയില്‍ ബുധനാഴ്ച രാവിലെ കനത്ത ഇടിവിനായിരുന്നു വഴിവച്ചത്. സെന്‍സെക്സ് ഏതാണ്ട് 1,700 പോയിന്‍റ് താഴേക്ക് പതിച്ചപ്പോള്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 500 പോയിന്‍റ് താണു.
സെബി 2001 ല്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം വിപണിയില്‍ സൂചികകള്‍ പത്ത് ശതമാനത്തിലേറെ വ്യതിയാനം കാണിക്കുകയാണെങ്കില്‍ ഒരു മണിക്കൂര്‍ സമയത്തേക്ക് വ്യാപാരം നിര്‍ത്തിവയ്ക്കണം എന്നാണ് ചട്ടം. ഇതനുസരിച്ച് വിപണി ഒരു മണിക്കൂര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
എന്നാല്‍ ഈ സമയം ധനമന്ത്രി ചിദംബരം വിപണിയിലെ ഈ ഇടിവ് അത്ര സാരമാക്കേണ്ടതില്ലെന്നും വൈകിട്ടോടെ വിപണി തിരിച്ചുവന്നേക്കുമെന്നും പറഞ്ഞു. ഇത് പ്രകാരം നഷ്ടം പൂര്‍ണ്ണമായി നികത്തിയില്ലെങ്കിലും വിപണി സൂചികകളെല്ലാം തന്നെ ഒരു വിധം നഷ്ടം നികത്തി മുന്നേറുകയും ചെയ്തു.
ഹെവി വെയിറ്റ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, എന്‍.ടിപി.സി, ഒ.എന്‍.ജി.സി തുടങ്ങിയ ഓഹരികള്‍ക്കാണ് ബുധനാഴ്ച വന്‍ നഷ്ടം ഉണ്ടായത്.
വിപണി: ആശങ്കവേണ്ടെന്ന് ചിദംബരം
|