ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ബുധനാഴ്ച രാവിലെ കനത്ത ഇടിവു രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 7.9 ശതമാനം നിരക്കില്‍ 1,507 പോയിന്‍റ് നഷ്ടത്തിലായി.
ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ച് ഏതാനും മിനിട്ടുകള്‍ക്കകം മുബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 1,507 പോയിന്‍റ് നഷ്ടപ്പെട്ട് 17,544 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
അതുപോലെ തന്നെ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 9.25 ശതമാനം നഷ്ടത്തില്‍ (524 പോയിന്‍റ് നഷ്ടത്തില്‍) 5,143 എന്ന നിലയിലേക്കു താണു.
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ പ്രശ്നത്തില്‍ ഉണ്ടായ രാഷ്ട്രീയ നൂലാമാലകളാണ് വിപണിയില്‍ ഇത്രയധികം നഷ്ടം ഉണ്ടാവാന്‍ കാരണമെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതിനൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന പണത്തില്‍ സെബിയുടെ കര്‍ശന നിയന്തണങ്ങള്‍ വന്നതും വിപണിയില്‍ തിരിച്ചടിയായി.
റിലയന്‍സ് എനര്‍ജി(18$), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (15.9%), ഐ.സി.ഐ.സി.ഐ ബാങ്ക് (11.8%), എന്‍.റ്റി.പി.സി (11.8%), ഭെല്‍ (11.7%), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (11.3%) എന്നിവയുടെ ഓഹരികള്‍ക്കാണ് വന്‍ തോതിലുള്ള നഷ്ടം സംഭവിച്ചത്.
|