മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയില്ല!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
‘സ്വര്‍ണത്തിന് വിലകൂടും മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും’ എന്നാണ് മാധ്യമങ്ങള്‍ ബജറ്റിന്റെ പ്രഭാവത്തെ പറ്റി വിലയിരുത്തിയത് എങ്കിലും മൊബൈല്‍ ഫോണുകള്‍ക്ക് അടുത്തമാസമാദ്യത്തോടെ വില കൂടുമെന്നുറപ്പായി. ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ഫോണുള്‍പ്പെടെ 130 സാധനങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് തീരുവ ഒരു ശതമാനം ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്. ഇതോടെ മൊബൈല്‍ ഫോണുകള്‍ക്കുണ്ടായിരുന്ന തീരുവ നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയരും.

ഏപ്രില്‍ ഒന്നു മുതല്‍ ഈ പുതിയ എക്സൈസ് തീരുന നടപ്പിലാകും. എക്സൈസ് തീരുവയിലുള്ള വര്‍ധന മൊബൈല്‍ ഫോണുകളെ കൂടുതല്‍ വിലപിടിപ്പുള്ളതാ‍ക്കി മാറ്റുന്നതിന് പുറമെ, ബ്രാന്‍ഡഡുകളല്ലാത്ത മൊബൈല്‍ ഉപകരണങ്ങള്‍ വിപണിയില്‍ വ്യാപകമാവുകയും ചെയ്യുമെന്ന് നോക്കിയയുടെ ഇന്ത്യന്‍ എം‌ഡി ഡി ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുവെ ബജറ്റ് ‘പോസറ്റീവ്’ ആണെങ്കിലും ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടെലികോം മേഖലയ്ക്ക് ബജറ്റില്‍ വലിയ ശ്രദ്ധ കൊടുത്തിട്ടില്ലെന്ന് ‘റിസര്‍ച്ച് ആന്‍ഡ് കണ്‍‌സള്‍‌ട്ടിംഗ്’ കമ്പനിയായ ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ വിലയിരുത്തി. സ്പെക്‌ട്രം സംബന്ധിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ചും കാര്യമായ നടപടികളുണ്ടായില്ല എന്ന് കമ്പനിയുടെ പ്രോഗ്രാം മാനേജര്‍ പര്‍മീന്ദര്‍ കൌര്‍ സൈനി പറഞ്ഞു.

അതേസമയം മൊബൈല്‍ പാര്‍ട്സുകള്‍ക്കുള്ള ഇളവുകള്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ധനമന്ത്രിയുടെ തീരുമാനത്തെ സാംസങ്ങ് അടക്കമുള്ള ടെലികോം ഉപകരണ നിര്‍മ്മാതാക്കള്‍ സ്വാഗതം ചെയ്തു. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരുന്ന ഒന്നാണ് ഇത്തവണത്തെ ബജറ്റെന്ന് സാംസങ്ങ് പറയുന്നു. ‘ഡിജിറ്റല്‍ ഡിവൈഡ്’ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ രണ്ടരലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ്‌ബാന്‍ഡ് എത്തിക്കും എന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സാംസങ്ങ് കൂട്ടിച്ചേത്തു.

രാജ്യത്ത് ടെലിഫോണ്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി 190 സ്ഥാപനങ്ങളെക്കൂടി നാഷണല്‍ നോളജ് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1500 സ്ഥാപനങ്ങളുള്‍പ്പെടുന്ന നാഷണല്‍ നോളജ് നെറ്റ്വര്‍ക്കിന്‍റെ പ്രവര്‍ത്തനം 2012 മാര്‍ച്ചോടു കൂടി തുടങ്ങുമെന്നാണ് കരുതുന്നത്. ബ്രോഡ്ബാന്‍ഡ് ‘ഡിമാന്‍ഡ്’ ഇനിയും വര്‍ദ്ധിക്കുമെന്നും രാജ്യമൊട്ടാകെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കേബിള്‍ ഇടാനായി സര്‍ക്കാര്‍ പണം നീക്കിവയ്ക്കും എന്നാണ് പ്രതീക്ഷയെന്നും ടുലിപ്പ് ടെലികോം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :