ന്യൂഡല്‍ഹി, വെള്ളി, 3 സെപ്റ്റംബര്‍ 2010( 14:05 IST )
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും ഉയരങ്ങളിലേക്ക്. ഓഗസ്റ്റ് ഇരുപത്തിയൊന്നിന് അവസാനിച്ച ആഴ്ചയില്‍ 10.86 ശതമാനമായാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഓഗസ്റ്റ് പതിനാലിന് അവസാനിച്ച ആഴ്ചയില്‍ ഇത് 10.05 ശതമാനമായിരുന്നു. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഭക്‍ഷ്യവിലപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം താഴേക്കുപോയിരുന്നു. ഇന്ധന വില സൂചികയും അവശ്യ വസ്തുക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവില സൂചിക 12.71 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ച ഇന്ധന വില സൂചിക 12.57 ശതമാനമായിരുന്നു.
അവശ്യവസ്തുക്കളുടെ വില സൂചിക 15.19 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മുന്‍ ആഴ്ച ഇത് 14.75 ശതമാനമായിരുന്നു. ധാന്യങ്ങള്‍, അരി, ഗോതമ്പ്, പരിപ്പുകള്‍, പഴങ്ങള്‍, പാല്‍ എന്നിവയുടെ വില സൂചിക ഉയര്‍ന്നപ്പോള്‍ പച്ചക്കറികള്‍, ഉരുളന്‍ കിഴങ്ങ്, ഉള്ളി എന്നിവ താഴോട്ടു പോയി. ജൂലൈ മാസത്തിലെ മൊത്ത വില സൂചിക 9.97 ശതമാനമായി തുടരുന്നു.