തിരുവനന്തപുരം, വെള്ളി, 3 സെപ്റ്റംബര്‍ 2010( 11:36 IST )
വിദേശ മലയാളി സഹകരണത്തോടെ സ്വകാര്യ-പൊതുമേഖലാ സംരംഭമായി പത്തനംത്തിട്ടയിലെ ആറന്മുളയില്‍ സംസ്ഥാനത്തെ അഞ്ചാമത് വിമാനത്താവളം നിര്‍മ്മിക്കുന്നു. ആറന്മുള്ള വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചു കഴിഞ്ഞു. ആറന്മുള്ള എയര്‍പോര്‍ട്ടിന്റെ പതിനഞ്ച് ശതമാനം ഓഹരികള്‍ റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പിനായിരിക്കും.
വിമാനത്താവളത്തിന്റെ പ്രമോട്ടന്‍മാര്‍ക്ക് സ്വന്തം നിലയില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിമാനത്താവളത്തിന് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി മാത്രം സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയ്‌ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആറന്മുളയില്‍ 2,000 കോടി രൂപ ചെലവിട്ടാണു വിമാനത്താവളമുണ്ടാക്കുക. അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് ആറന്മുള ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു നേരത്തെ തന്നെ രൂപം നല്‍കിയിരുന്നു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളും രണ്ടാംഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവള നിര്‍മാണത്തിനു 120 ഏക്കര്‍ നെല്‍പ്പാടമടക്കം 500 ഏക്കറോളം ഭൂമിയാണ് ആവശ്യം. ഇതിനകം തന്നെ 350 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെനും സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ ബാക്കി സ്ഥലം കൂടി ഉടന്‍ ഏറ്റെടുക്കുമെന്ന് എയര്‍പോര്‍ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പി ടി നന്ദകുമാര്‍ അറിയിച്ചു.
ഈ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം, തീര്‍ഥാടനം, വാണിജ്യം എന്നീ മേഖലകളില്‍ സംസ്ഥാനത്തിനു വന്‍നേട്ടമാകും. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലക്കാര്‍ക്കാവും വിമാനത്താവളം കൂടുതല്‍ പ്രയോജനപ്പെടുക.