പഞ്ചസാര തീരുവ: തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (18:26 IST)
PRO
പഞ്ചസാരയ്ക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഭക്‍ഷ്യവകുപ്പ് മന്ത്രി ശരത് പവാര്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

പഞ്ചാസാരയ്ക്ക് ഏതാനും നാളുകളായി വിലയിടിഞ്ഞുവരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് തീരുവ ഏര്‍പ്പെടുത്തണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ നാലുമാസത്തിനിടെ പഞ്ചസാരവില മുപ്പത് ശതമാനത്തോളമാണ് ഇടിഞ്ഞത്. ജനുവരി മധ്യത്തോടെ കിലോയ്ക്ക് 50 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 32-33 ശതമാനമാണ് വില.

2010 ഡിസംബര്‍ വരെയാണ് പഞ്ചസാരയ്ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയിരിക്കുന്നത്. പഞ്ചസാ‍ര ഉല്‍‌പാദനത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിലും ഇന്ത്യ ഏറെ മുന്‍‌പിലാണ്. പഞ്ചസാര വിലവര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ വേണ്ടിയും ആഭ്യന്തര വിതരണത്തിലെ മാന്ദ്യം മറികടക്കാന്‍ വേണ്ടിയും ആണ് പഞ്ചസാരയുടെ ഇറക്കുമതി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. 2009 ഫെബ്രുവരി മുതല്‍ ആറ് മില്യന്‍ ടണ്‍ പഞ്ചസാരയാണ് ഇന്ത്യ ഉപയോഗിച്ചത്.

ആഭ്യന്തര ഉല്‍‌പാദനത്തിലെ സ്ഥിതി പരിശോധിച്ച ശേഷം പഞ്ചസാരയ്ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് ശരത് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ പഞ്ചസാര ഉല്‍‌പാദനം 18.5 മില്യന്‍ ടണ്ണിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 14.7 മില്യന്‍ ടണ്‍ ആയിരുന്നു ഉല്‍‌പാദനം. നിലവില്‍ ഏതാണ്ട് 16 മില്യന്‍ ടണ്‍ പഞ്ചസാര ഇന്ത്യ ഉല്‍‌പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :