റിലയ്ന്‍സില്‍ പങ്കാളിത്തം തേടി എത്തിസലാത്ത്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (12:08 IST)
PRO
അനില്‍ അം‌ബാനിയുടെ ഉടമസ്ഥതയിലുള്ള റിലയ്ന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ യു‌എഇ ടെലികോം കമ്പനിയാ‍യ എത്തിസലാത്ത് പങ്കാളിത്തം തേടുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിലയ്ന്‍സില്‍ ഇരുപത്തിയഞ്ച് ശതമാനം ഓഹരി പങ്കാളിത്തം നേടാനാണ് എത്തിസലാത്ത് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 18,000 കോടി രൂപ വരുന്നതാണ് ഇടപാടെന്നും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ റിലയ്‌ന്‍സ് ഓഹരിവിലയില്‍ വന്‍മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. പത്ത് ശതമാനം വരെയാണ് റിലയ്ന്‍സ് ഓഹരികളില്‍ മുന്നേറ്റമുണ്ടായത്.

ആദ്യഘട്ടത്തില്‍ ഇരുപത്തിയഞ്ച് ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ ശേഷം ക്രമേണ ഇരുപത് ശതമാനം ഓഹരികള്‍ കൂടി വാങ്ങാമെന്ന നിര്‍ദ്ദേശവും എത്തിസലാത്ത് മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ അവസാനിച്ച ത്രീ ജി ലേലത്തില്‍ എത്തിസലാത്ത് പങ്കെടുത്തിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ പിന്‍‌മാറുകയായിരുന്നു. ത്രീ ലേലത്തില്‍ സജീവമായിരുന്ന റിലയ്ന്‍സുമായി ഓഹരിപങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാലായിരുന്നു എത്തിസലാത്തിന്‍റെ പിന്‍‌മാറ്റമെന്നാണ് വിവരം.

ത്രീ ജി സേവനം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് ആവശ്യമായ പണം സ്വരൂപിക്കുന്നതിനാണ് റിലയ്ന്‍സ് ഇത്തരമൊരു ഇടപാടിന് തയ്യാറെടുക്കുന്നതെന്നാണ് സൂചന. യു‌എ‌ഇ ടെലികോം മേഖലയില്‍ ഏറെ പരിചയസമ്പന്നരായ എത്തിസലാത്തിന്‍റെ സാന്നിധ്യം ത്രീ ജി മേഖലയില്‍ മുന്‍‌തൂക്കം നേടാന്‍ കമ്പനിക്ക് കൂടുതല്‍ സാഹചര്യമൊരുക്കുമെന്നും റിലയ്ന്‍സ് കണക്കുകൂട്ടുന്നുണ്ട്. ഇരുകമ്പനികളും വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :