മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. ഞായറാഴ്ച ഗുഡ്ഗാവിലെ സ്വിഫ്റ്റ് പ്ലാന്‍റില്‍ നിന്ന് 342 കാറുകള്‍ ഒന്നിച്ച് പുറത്തിറങ്ങിയതോടെയാണ് മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്.

ഒരു ബ്രാന്‍ഡില്‍ നിര്‍മ്മിച്ച ഇത്രയധികം കാറുകള്‍ ഇത് ആദ്യമായാണ് ഒന്നിച്ചിറക്കുന്നത്. 2005ലാണു മാരുതിയുടെ ജനപ്രിയ കാര്‍ സ്വിഫ്റ്റ് പുറത്തിറക്കിയത്. ഇതിനകം 4.5 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ വില്‍പ്പന നടത്തിയതായും മാരുതി സുസുകി അറിയിച്ചു.

ഇത്തരത്തില്‍ വിവിധ കമ്പനികള്‍ കാര്‍ പരേഡ് നടത്തിയിട്ടുണ്ടെങ്കിലും ഗിന്നസ് ബുക്കിലെത്തിയിരുന്നില്ല. ഗിന്നസ് ബുക്കില്‍ കൂടി ഇടം നേടിയതോടെ സ്വിഫ്റ്റിന്റെ ആഗോള ജനപ്രീതി ഉയരുമെന്നാണ് കമ്പനി അധികൃതര്‍ കരുതുന്നത്.

മാരുതി സുസുകിയുടെ ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റിന് കഴിഞ്ഞ ആഴ്ചയാണ് അഞ്ചു വയസ് തികഞ്ഞത്. ആഭ്യന്തര വിപണിയിലും രാജ്യാന്തര തലത്തിലും ഒരുപോലെ ജനപ്രിയമാകാന്‍ കാരണം സ്വിഫ്റ്റിന്റെ സവിശേഷതകള്‍ തന്നെയാണ്.

അഞ്ചുവര്‍ഷം മുമ്പ് ഈ മോഡല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ 16,000 ബുക്കിംഗ് ലഭിച്ചിരുന്നു. വാഹനം വിപണിയിലെത്തിയതോടെ ഇതിന്റെ സ്വീകാര്യതയും കൂടി. തുടക്കത്തില്‍ 5,000 യൂണിറ്റുകളായിരുന്നു ഒരു മാസത്തെ ഉത്പാദനം.

വിപണിയിലെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് പ്രതിമാസ ഉത്പാദനം 12,000 യൂണിറ്റുകളാക്കി ഉയര്‍ത്തി. രൂപഭംഗിയിലും സൗകര്യങ്ങളിലും മുന്‍നിരയിലെത്തിക്കാന്‍ കഴിഞ്ഞതിലൂടെയാണ് സ്വിഫ്റ്റിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നേട്ടം സാധ്യമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :