എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 29 മെയ് 2010 (11:31 IST)
രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സംവിധാനം കൊണ്ടുവരുമെന്ന് നാഷണല്‍ നോളജ് കമ്മീഷന്‍ ചെയര്‍മാന്‍ സാം പിത്രോദ പറഞ്ഞു. രാജ്യത്തെ 250,000 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഉടന്‍ തന്നെ നടപ്പിലാക്കും. ഇതിനായുള്ള പദ്ധതികള്‍ തയ്യാറായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത 18-24 മാസത്തിനുള്ളില്‍ രാജ്യത്തെ 250,000 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്‍ഷന്‍ ലഭിക്കുമെന്ന് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ വിഭാഗത്തിന്റെ വക്താവ് കൂടിയായ പിത്രോദ പറഞ്ഞു. ഇതിനായി ഏകദേശം 9,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ ഉല്‍പ്പെടുത്തിയാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ പത്ത് ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകളുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് നൂറ് ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്ക് മികച്ച ബ്രോഡ്ബാന്‍ഡ് സേവനം അത്യാവശ്യമാണ്. ത്രീജിയ്ക്ക് ശേഷം ഫോര്‍ജി കൂടി എത്തുന്നതോടെ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാനായേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :