ഫോര്‍ജി സേവനങ്ങള്‍ അടുത്ത വര്‍ഷം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 29 മെയ് 2010 (11:13 IST)
ത്രീജി ലേലം പൂര്‍ത്തിയായ നിലയ്ക്ക് അടുത്ത ഘട്ടമായ ഫോര്‍ജി സേവങ്ങളുടെ ലേലം 2011ല്‍ നടക്കുമെന്ന് ടെലികോം കമ്മീഷണ്‍ അധികൃതര്‍ അറിയിച്ചു. ത്രീജിയ്ക്ക് ശേഷമുള്ള ഫോര്‍ജി സേവനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ഫോര്‍ജി സേവനം സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ സുപാര്‍ശകള്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറായേക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ ത്രീജി ലേലത്തില്‍ സര്‍ക്കാറിന് വന്‍ വരുമാന നേട്ടം ലഭിച്ചതോടെയാണ് ഫോര്‍ജി സേവനവും പെട്ടെന്ന് തുടങ്ങാന്‍ ട്രായ് പദ്ധതിയിടുന്നത്.

ഫോര്‍ജി സംബന്ധിച്ച പ്രാഥമിക പേപ്പറുകള്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് ട്രായ് ചെയര്‍മാന്‍ ജെ എസ് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. വേഗതയുടെ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുന്ന ഫോര്‍ജി സേവനം നിലവില്‍ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യം.

വീഡിയോ, സിനിമ, മറ്റു ഫയലുകള്‍ നിമിഷങ്ങള്‍ക്കകം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫോര്‍ജി സേവനം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനികളായ മോട്ടോറോള, സോണി എറിക്സണ്‍ നിലവില്‍ ഫോര്‍ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

അതേസമയം, ത്രീജി ലേലത്തില്‍ സര്‍ക്കാറിന് ഇരട്ടി വരുമാനമാണ് ലഭിച്ചത്. ലേലത്തില്‍ നിന്ന് സര്‍ക്കാരിന് 67,719 കോടി രൂപ വരുമാനം ലഭിച്ചു. പ്രതീക്ഷിച്ചതിലും അധികതുകയാണ് ലഭിച്ചിരിക്കുന്നത്. ത്രീജി ലേലം വഴി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് 35,000 കോടി രൂപയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ആരംഭിച്ച ലേലം മുപ്പത്തിനാല് ദിവസം നിണ്ടു നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :